
തൃശൂര്‍: വര്‍ഗീയതയെ തുടച്ചുനീക്കി മതേതരത്വം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ലോക്‌സഭ തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൃശൂര്‍ ടൗണ്‍ ഹാളില്‍ യുഡിഎഫിന്‍റെ ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഇടതു മുന്നണിയും ബിജെപിയും പരാജയം സമ്മതിച്ച അവസ്ഥയാണെന്നും വി ഡി സതീശൻ പറഞ്ഞു.
ഇടതു മുന്നണി കണ്‍വീനര്‍ പറയുന്നത് കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ്, അതിനര്‍ത്ഥം സ്വന്തം പാര്‍ട്ടി എല്ലായിടത്തും തോല്‍ക്കുമെന്നല്ലേയെന്ന് വി ഡി സതീശൻ ചോദിച്ചു. കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ ബിജെപിയിലേക്ക് പോയപ്പോള്‍ നാറിയ പാര്‍ട്ടി എന്ന് വിളിച്ച മുഖ്യമന്ത്രിക്ക് അതേ നാണയത്തില്‍ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ലെന്നും വി ഡി സതീശൻ പറഞ്ഞു. അത് കോണ്‍ഗ്രസിന്‍റെ സംസ്‌കാരമല്ല. ബംഗാളിലും ത്രിപുരയിലും ഹോള്‍ സെയിലായി നേതാക്കളെയും പ്രവര്‍ത്തകരെയും ബിജെപിക്ക് കൊടുത്ത സിപിഎമ്മിനാണ് മുഖ്യമന്ത്രി പറഞ്ഞ പേര് ചേരുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂരിന്‍റെ മതേതര പാരമ്പര്യം ചിലരുടെ പാഴ്‌വാക്കായ ഗ്യാരന്റി തള്ളിക്കളയുമെന്ന് സ്ഥാനാര്‍ഥി കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫ്. ജില്ലാ ചെയര്‍മാന്‍ എംപി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. ടി എന്‍ പ്രതാപന്‍, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, വിവിധ ഘടകകക്ഷി നേതാക്കള്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിനായി ടി എന്‍ പ്രതാപന്‍ ചെയര്‍മാനായി 5001 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. തുടര്‍ന്ന് ആയിരങ്ങളുടെ അകമ്പടിയോടെ തൃശൂര്‍ ടൗണില്‍ റോഡ് ഷോയും നടത്തി.
അച്ഛന്റെ പാത പിന്തുടര്‍ന്ന് മകനും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത് ഇഷ്ടദേവ സന്നിധിയില്‍ നിന്നാണ്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം മമ്മിയൂരിലും നാരായണംകുളങ്ങര ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് മുരളീധരന്‍ ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിറങ്ങിയത്. ഗുരുവായൂരപ്പ ഭക്തനായ കെ കരുണാകരന്‍ എല്ലാ മലയാള മാസം ഒന്നാം തീയതിയും ഗുരുവായൂരപ്പനെ തൊഴാനെത്തിയിരുന്നു. ഈ പാത പിന്തുടര്‍ന്ന് എല്ലാ മാസവും മുരളീധരനും ഗുരുവായൂരിലെത്തുന്നത് പതിവ് ചര്യയാക്കി മാറ്റി. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം മമ്മിയൂരിലും നാരായണംകുളങ്ങര ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിറങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam