ടി എൻ ശേഷൻ ഇനി ഓർമ്മ: അന്ത്യം ചെന്നൈയിലെ വസതിയിൽ

Published : Nov 10, 2019, 11:29 PM ISTUpdated : Nov 11, 2019, 12:58 AM IST
ടി എൻ ശേഷൻ ഇനി ഓർമ്മ: അന്ത്യം ചെന്നൈയിലെ വസതിയിൽ

Synopsis

വിടപറയുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തസും അധികാരവും ഉയർത്തിപ്പിടിച്ച കമ്മീഷണർ.

ചെന്നൈ: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുട‍ർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍. തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വന്ന വ്യക്തിയാണ് വിട വാങ്ങിയത്. എസ് വൈ ഖുറേഷി ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. 

1990ൽ ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ടി എൻ ശേഷൻ തെരഞ്ഞെടുപ്പ് മേഖല അഴിമതി മുക്തമാക്കാൻ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. തെരഞ്ഞെടുപ്പുകളിലെ അധിക ചെലവ് കുറയ്ക്കുന്നതിലും അദ്ദേഹം വലിയ ഇടപെടലുകൾ നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല എന്ത് എന്ന് ജനങ്ങൾക്ക് വ്യക്തമാക്കി കൊടുത്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഫോട്ടോ പതിച്ച വോട്ടേഴ്സ് ഐഡികൾ കൊണ്ടു വന്നതടക്കമുള്ള പരിഷ്കാരങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ടായി. പ്രശ്സ്തമായ മഗ്സസെ പുരസ്കാരത്തിനും അർഹനായി. തെരഞ്ഞെടുപ്പ് കമ്മീഷന് നട്ടെല്ലുണ്ടാക്കി കൊടുത്ത കമ്മീഷണ‍‍ർ  എന്നാകും കാലം അദ്ദേഹത്തെ ഇനി ഓ‍ർമ്മിക്കുക. 

1990 മുതൽ 96 വരെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല വഹിച്ചത്. ടി എൻ ശേഷന്റെ പരിഷ്കാരങ്ങൾ സുപ്രീംകോടതിയിൽ വരെ എത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് തടയിടാൻ കേന്ദ്ര സ‍ർക്കാ‍ർ ഇടപെടുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ നേതാക്കളും ഭരണനേതാക്കളും വരെ പേടിക്കുന്ന തരത്തിൽ കരുത്തുറ്റ ഇടപെടലുകളായിരുന്നു അദ്ദേഹം കാഴ്ച വച്ചത്. 

പെരുമാറ്റചട്ടം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നതാണ് അക്കൂട്ടത്തിൽ ആദ്യം എത്തുക. തെരഞ്ഞെടുപ്പ് അഴിമതരഹിതമാക്കുന്നതിലും നിരവധി ശ്രമങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ടായി.  തെരഞ്ഞെടുപ്പ് ചെലവ് വെട്ടിക്കുറച്ചും സ്വതന്ത്രനിരീക്ഷകരെ വച്ചും തെരഞ്ഞെടുപ്പിനെ കൂടുതൽ ജനാധിപത്യപരമാക്കാനും ടി എൻ ശേഷന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി എൻ ശേഷൻ.

രാഷ്ട്രീയക്കാരെ വിറപ്പിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

വിവാദങ്ങളിലും നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ടി എൻ ശേഷൻ. രാഷ്ട്രീയ പാ‍ർട്ടികളോടും നേതാക്കളോടും നേർക്കു നേർ ഏറ്റുമുട്ടാൻ ധൈര്യം കാണിച്ച തെരഞ്ഞെടുപ്പ് കമ്മീഷണായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് സംബന്ധിയായ വിഷയങ്ങളില്‍ ആധികാരികമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും രാഷ്ട്രീയ പാ‍ർട്ടികളെ കൊണ്ട് അത് അണുവിടാതെ അനുസരിപ്പിക്കാനും പോന്ന ഗാംഭീര്യം തെരഞ്ഞെടുപ്പ് ഓഫീസിന് സമ്മാനിച്ചത് ടിഎൻ ശേഷനെന്ന തലയെടുപ്പാ‍ർന്ന നേതാവായിരുന്നു. കലങ്ങി മറിഞ്ഞ ആയിരത്തി തൊണ്ണൂറുകളിലെ രാഷ്ട്രീയ കാറ്റിലും തെരഞ്ഞെടുപ്പ് കമ്മീഷനിൽ  ടി എൻ ശേഷൻ നട്ടെല്ല് നിവ‍ർത്തി നിന്നു.

പ്രവ‍ർത്തനകാലത്ത് അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനെ ശുദ്ധീകരിക്കാൻ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച തെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷനായിരുന്നു എന്ന് നിസംശയം പറയാം.

ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ശേഷൻ കൊണ്ടു വന്ന ചില പരിഷ്കാരങ്ങൾ ഇവയൊക്കെയാണ്

  • മാതൃകാപെരുമാറ്റച്ചട്ടം (Model Code of Conduct)
  • അര്‍ഹതപ്പെട്ട വോട്ടര്‍മാര്‍ക്കെല്ലാം നിര്‍ബന്ധമായും വോട്ടര്‍ ഐഡി നല്‍കി
  • തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവിടാവുന്ന തുകയ്ക്ക് പരിധി നൽകി
  • നിരീക്ഷകരും മറ്റു കമ്മീഷന്‍ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന് പുറത്തുനിന്നാക്കി
  • സുതാര്യവും കാര്യക്ഷമവും കര്‍ശനവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പ് 

വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കല്‍/വിരട്ടല്‍ , തെരഞ്ഞെടുപ്പ് ദിവസത്തെ പരസ്യ മദ്യവിതരണം, ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രചാരണം തുടങ്ങി ആ കാലത്ത് സജീവമായിരുന്ന ദുശീലങ്ങളെല്ലാം ടി എൻ ശേഷൻ നേരിട്ട് ഇടപെട്ട് അവസാനിപ്പിച്ചു. 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആകുന്നതിന് മുൻപ് കാബിനറ്റ് സെക്രട്ടറി റാങ്കിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നു. ആ പദവിക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനിലും ചരിത്രം എന്നും ഓർമ്മിക്കുന്ന പ്രവ‍ർത്തനങ്ങൾ ടി എൻ ശേഷൻ എന്ന പാലക്കാട്ടുകാരന് കാഴ്ച വയ്ക്കാനായി.1936ൽ പാലക്കാട്ടെ തിരുനെല്ലായിയിൽ ആയിരുന്നു ടി എൻ ശേഷൻ ജനിച്ചത്. മദ്രാസ് ക്രിസ്ത്യൻ കോളേജ് ഹാ‍ർവാർഡ് സർവകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം.  മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ കൂടാതെ മറ്റ്  പദവികളിലും മികച്ച സേവനം കാഴ്ച വച്ച ടി എൻ ശേഷന് 1997ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മാത്രമാണ് തിരിച്ചടി നേരിട്ടത്. കെ ആർ നാരാണയണനുമായുള്ള മത്സരത്തിൽ തോറ്റതായിരുന്നു  അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമായ പരാജയം.

കേരളം ലോകത്തിന് സംഭാവന ചെയ്ത മികച്ച വ്യക്തിത്വങ്ങളിൽ ഒരാൾ കൂടി വിടവാങ്ങുന്നു...  ആ പ്രതാപകാലം ഇനി ചരിത്രത്താളുകളിലേക്ക്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വലിയ വിശ്വാസം ഉണ്ടാകുന്ന തരത്തിൽ ഇടപെടാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിച്ച ഇതിഹാസമെന്ന്  ടിഎൻ ശേഷനെ  എസ് വൈ ഖുറേഷി അനുസ്മരിച്ചു.ആ  ഇതിഹാസം മൺമറഞ്ഞാലും  ഇതിഹാസത്തിലെ നായകൻ പഠിപ്പിച്ചു തന്ന പാഠങ്ങൾക്ക് മരണമുണ്ടാകില്ല...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു