കടകൾ നാളെ തുറക്കും, ശനിയും ഞായറും പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായെന്ന് ടി നസീറുദ്ദീൻ

By Web TeamFirst Published Jul 16, 2021, 10:59 AM IST
Highlights

വ്യാപാരി പ്രതിഷേധത്തിൽ സർക്കാരുകൾ വീണിട്ടുണ്ടെന്നും നാൽപ്പത് വർഷമായി ഈ സംഘടന ഇവിടെയുണ്ടെന്നും നസീറുദ്ദീൻ പറഞ്ഞു. വ്യാപാരികളും മുഖ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന് ഉച്ചയ്ക്ക് മൂന്നരക്ക് നടക്കും. 

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ നിയന്ത്രണങ്ങൾക്കെതിരായ നിലപാടിൽ ഉറച്ച് വ്യാപാരികൾ. കടകൾ നാളെ തുറക്കുമെന്ന് വ്യാപാരി സംഘടനാ വക്താക്കൾ ആവർത്തിച്ചു. 700 ദിവസം പൂട്ടിയിട്ടു, ശനി, ഞായർ ദിവസങ്ങളിലും പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി നസീറുദ്ദീൻ്റെ ചോദ്യം. ചർച്ചകൾ നടത്തി തെറ്റിദ്ധാരണ മാറ്റുമെന്ന് പറഞ്ഞ വ്യാപാരി നേതാവ് ആരാണ് നിയന്ത്രണങ്ങൾ തീരുമാനിക്കുന്നത് എന്ന് ചോദിച്ചു. പേടിപ്പിക്കാൻ ശ്രമിക്കരുത് എന്നാണ് നസീറുദ്ദീന്റെ വെല്ലുവിളി.  മുൻ സമരങ്ങളെയും ഓർമ്മിപ്പിച്ചായിരുന്നു വ്യാപാരി നേതാവിന്റെ പ്രതികരണം.

വ്യാപാരി പ്രതിഷേധത്തിൽ സർക്കാരുകൾ വീണിട്ടുണ്ടെന്നും നാൽപ്പത് വർഷമായി ഈ സംഘടന ഇവിടെയുണ്ടെന്നും നസീറുദ്ദീൻ പറഞ്ഞു. വ്യാപാരികളും മുഖ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന് ഉച്ചയ്ക്ക് മൂന്നരക്ക് നടക്കും. നൂറ് ശതമാനം അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. 

ഇടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കുന്നത് രോഗവ്യാപനം കൂട്ടാനിടയാക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒന്നുകിൽ പൂർണ്ണമായും അടച്ചിടട്ടേ, എന്നിട്ട് വ്യാപാരികൾക്ക് ആവശ്യമുള്ളത് വീട്ടിൽ എത്തിക്കട്ടേയെന്നാണ് രാജു അപ്സര പറയുന്നത്. ഇളവുകൾ എന്ന പേരിൽ നടക്കുന്നത് മണ്ടത്തരമാണെന്ന് വ്യാപാരികൾ ആവർത്തിച്ച് പറയുന്നു.

മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം തുടർനിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. പെരുന്നാൾ കണക്കിലെടുത്ത് കടകൾ എല്ലാ ദിവസവും തുറക്കണമെന്നാണ് ആവശ്യം. ഇവയടക്കം ചില ഇളവുകൾ സർക്കാർ നൽകാൻ സാധ്യതയുണ്ട്. 

സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം നാളെയാണ്. 

click me!