
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി യുഡിഎഫ്. സിപിഎം വിഷലിപ്തമായ പാഠ്യപദ്ധതിക്കാണ് വഴിമരുന്ന് ഇടാൻ പോകുന്നതെന്നും പി എം ശ്രീ പദ്ധതിയിലൂടെ സംഘപരിവാർ വിഷം സ്കൂൾ സിലബസിൽ നിറയുമെന്ന് ടി സിദ്ദിഖ് എംഎൽഎ ഫേസ്ബുക്കിലൂടെ തുറന്നടിച്ചു. സിപിഎം നിലപാട് ചരിത്രം അടയാളപ്പെടുത്തും. മുന്നണിയിൽ സിപിഐക്കും, സ്വന്തം പാർട്ടിക്കാർക്കും പുല്ലുവിലയാണെന്നും സിപിഐ വിമർശനത്തെ തള്ളിയതിനെ കുറിച്ച് സിദ്ദിഖ് പരിഹസിച്ചു. എല്ലാം ഒരാൾ തീരുമാനിക്കുന്ന സ്ഥിതിയാണ് ഇടതുമുന്നണിയിലെന്നും സിദ്ധിഖ് വ്യക്തമാക്കി.
മുന്നണിയിലെ സിപിഐക്ക് പുല്ലുവില..! സ്വന്തം പാർട്ടിക്കാർക്ക് പുല്ലു വില..! എല്ലാം ഒരാൾ തീരുമാനിക്കുന്ന ഇടതു മുന്നണി… സിപിഎം എന്ന പാർട്ടി…!
പി എം ശ്രീയിലൂടെ സംഘ്പരിവാർ വിഷം സ്കൂൾ സിലബസിൽ നിറയും. ഭാവി തലമുറ പഠിക്കാൻ പോകുന്നത് വിഷലിപ്തമായ പാഠ്യ പദ്ധതി. അതിന് വഴി മരുന്നിടുന്നത് സിപിഎം. ചരിത്രം ഇത് അടയാളപ്പെടുത്തും..।
2020ല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്റ്റംബര്‍ 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ പിഎം ശ്രീ. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയര്‍ത്തുമെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 27,000 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയത്. ഈ പദ്ധതിയില്‍ പ്രവേശിക്കുന്നതിനായി സ്‌കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ്എസ്കെ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. മൂന്ന് തവണ
മന്ത്രിസഭയിലടക്കം സിപിഐ എതിർപ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോൾ ചേർന്നിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam