
കോഴിക്കോട്: കേരള പൊലീസിന് കീഴില്‍ സൈബര്‍ സുരക്ഷാ രംഗത്ത് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്ന കേരള പോലീസ് അസിസ്റ്റന്റ് ചാറ്റ് ബോട്ട് സർവ്വീസ് ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
കേരളാ പൊലീസ് സൈബർഡോം കോഴിക്കോട് വികസിപ്പിച്ചെടുത്ത സുരക്ഷിതവും കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമായ ചാറ്റ്ബോട്ട് സേവനമാണ് 'ടോക് ടു കേരള പോലീസ്'. സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരുടെ സഹകരണത്തോടെ കേരളാ പൊലീസ് ആരംഭിച്ച പദ്ധതിയാണിത്.
പൊതുജന-പൊലീസ് പങ്കാളിത്ത മാതൃക എന്ന നിലയിൽ കേരളാ പൊലീസിന്റെ ടെക്‌നോളജിക്കൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ വിഭാവനം ചെയ്ത സൈബർഡോം ഉയർന്നു വരുന്ന സൈബർ ഭീഷണികളെ പൊലീസിന്റെ സഹായത്തോടെ നേരിടാൻ ലക്ഷ്യമിടുന്നു. കേരളത്തിലെ സൈബർഡോമിന്റെ മൂന്നാം പതിപ്പാണ് കോഴിക്കോട്ടുള്ളത്. സൈബർ സുരക്ഷയിലും കാര്യക്ഷമമായ പൊലീസിംഗിനുള്ള സാങ്കേതികവിദ്യ വർദ്ധിപ്പിക്കുന്നതിനുമുള്ള സൈബർ സെന്റർ ഓഫ് എക്‌സലൻസാണ് സൈബർ ഡോം.
കേരള പോലീസ് അസിസ്റ്റന്റ് ചാറ്റ്ബോട്ട് സേവനം, പ്രത്യേക ആപ്ലിക്കേഷനുകളൊന്നും ഇൻസ്റ്റാൾ ചെയ്യാതെയും ഏതെങ്കിലും വെബ് പേജുകൾ സർഫിംഗ് ചെയ്യാതെയും വകുപ്പിന്റെ സേവനങ്ങൾ ഓൺലൈനിലൂടെ പൊതുജനങ്ങളിലേക്ക് എളുപ്പത്തിലും വേഗത്തിലും എത്തിക്കുന്നു. ഈ ചാറ്റ്ബോട്ട് സേവനം ഗൂഗിൾ അസിസ്റ്റന്റിനോട് "ടോക് ടു കേരള പോലീസ്" എന്ന വാക്ക് ഉപയോഗിച്ച് അഭ്യർത്ഥിക്കാം.
ചാറ്റ് ബോട്ട് സർവീസ് ഉപയോഗിക്കാൻ ആൻഡ്രോയ്ഡ് ഫോണും ഇന്റർനെറ്റ് കണക്ഷനും മാത്രം മതി. ഉദാഹരണത്തിന് കണ്മുന്നിൽ ഒരാൾ അപകടകാരമാം വിധത്തിൽ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഗൂഗിൾ അസിസ്റ്റന്റ് ആക്ടിവേറ്റ് ചെയ്യുക. ഒരു പക്ഷെ ഈ രീതിയിൽ ആക്ടിവേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഫോണിലെ ഹോം ബട്ടൺ മൂന്ന് സെക്കന്റ് നേരം പ്രസ് ചെയ്താൽ മാത്രം മതി. ഇങ്ങനെ ഗൂഗിൾ അസിസ്റ്റന്റ് ആക്ടിവേറ്റ് ആയാൽ "ടോക് ടു കേരള പോലീസ്" എന്നു പറഞ്ഞു കേരള പൊലീസിന്റെ പോർട്ടലിൽ കയറുക. ശേഷം കണ്ട കുറ്റകൃത്യം പറയുക. ഈ സമയം ആവശ്യമായ സേവനം അല്ലെങ്കിൽ നിർദേശം കേരള പൊലീസിന്റെ പോർട്ടലിൽ നിന്നും ലഭിക്കും. മൂന്ന് ഘട്ടങ്ങളായാണ് പൊതുജനങ്ങൾക്ക് ആവശ്യമായ സേവനം വിരൽത്തുമ്പിൽ ലഭിക്കുന്നത്. ഇതിനായി ഒരു തരത്തിലുള്ള അപ്ലിക്കേഷനുകളും ഡൌൺലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല.
മാലൂർകുന്ന് ജില്ല പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന പരിപാടിയിൽ മന്ത്രി ചാറ്റ്ബോട്ട് സേവനം ഔദ്യോഗികമായി ആരംഭിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ഉത്തരമേഖല ഐജി അശോക് യാദവ്, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ്ജ്, കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നിൽ എം മഹാജൻ, സൈബർഡോം കോഴിക്കോട് അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ്.നിയാസ്, സൈബർ ഡോം അംഗങ്ങളായ എസ്. നിഖിൽ, ഒ.സുജിത്, കെ.അഭിലാഷ്, ടി. അശ്വിൻ, കെ .ശ്രീകിൽ, പി.ശിവകുമാർ വിവിധ വിഭാഗങ്ങളിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam