
ചെന്നൈ: ഒരു മാസത്തിലധികം നീണ്ടുനിന്ന പ്രചരണത്തിനൊടുവിൽ തമിഴ്നാട് ജനത നാളെ പോളിംഗ് ബൂത്തിലെത്തും. നിശബ്ദ പ്രചാരണ ദിവസം വോട്ടിന് പണമൊഴുക്കുന്നതിനെ ചൊല്ലി വ്യാപകമായ പരാതിയാണ് ഉയർന്നത്. ചെന്നൈയിൽ ഡി എം കെ സ്ഥാനാർഥിയുടെ സഹായിയിൽ നിന്ന് 2 കോടി രൂപ പിടിച്ചെടുത്തു. തിരുനെൽവേലിയിൽ പണം നൽകാതിരുന്ന ഡി എം കെ സ്ഥാനാർഥിയുടെ വീട്ടിലെത്തി സ്ത്രീകൾ പ്രതിഷേധിച്ചതും വലിയ വാർത്തയായി. അതിനിടെ ഡി എം കെയ്ക്ക് കുരുക്കായി തിരുമംഗലത്ത് 1000 രൂപ വീതം വിതരണം ചെയ്‌തെന്ന് വ്യക്തമാക്കിയുള്ള ശബ്ദരേഖയും പുറത്തുവന്നു. ഡി എം കെ ബ്രാഞ്ച് സെക്രട്ടറിയുടെ മകളുടെ സംഭാഷണമാണ് പുറത്തുവന്നത്. ഡി എം കെ എം എൽ എ സെന്തിൽ ബാലാജി മത്സരിക്കുന്ന കോയമ്പത്തൂർ സൗത്തിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ എ ഡി എം കെ സ്ഥാനാർത്ഥി അമ്മൻ കെ അർജുനൻ ജില്ലാ കളക്ടറേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനും തമിഴകം സാക്ഷിയായി. കരൂരിൽ വിതരണത്തിനുള്ള 72 പ്രഷർ കുക്കർ, ഫ്ലയിംഗ് സ്ക്വാഡ് എത്തിയതോടെ വഴിയിൽ ഉപേക്ഷിച്ച് എ ഐ എ ഡി എം കെ നേതാക്കൾ മുങ്ങിയതും വലിയ വാർത്തയായി. ഒരു വോട്ടിന് 1000 മുതൽ 5000 രൂപ വരെ ഡി എം കെ സഖ്യവും എൻ ഡി എയും നൽകുന്നതായാണ് മണ്ഡലങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. അതേസമയം പണവും മറ്റുമായി 1261 കോടി രൂപ ഇതുവരെ പിടിച്ചെടുത്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അർച്ചന പട് നായിക് വ്യക്തമാക്കി.
നിശബ്ദ പ്രചാരണ ദിവസത്തെ കലുഷിതമാക്കി വോട്ടിന് കോഴപ്പരാതികളായിരുന്നു. ചെന്നൈ മൈലാപ്പൂരിലെ ഡി എം കെ സ്ഥാനാർത്ഥി ഡി വേലുവിന്‍റെ സഹായി സത്യമൂർത്തിയുടെ വീട്ടിൽ നിന്ന് 2 കോടി രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. അടുക്കളയിലും കിടപ്പുമുറിയിലുമായി 500 രൂപയുടെ കെട്ടുകളും പണം നൽകേണ്ടവരുടെ വിവരങ്ങളും കണ്ടെത്തി. വേലുവിനെ അയോഗ്യനാക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. ഡി എം കെ എം എൽ എ സെന്തിൽ ബാലാജി മത്സരിക്കുന്ന കോയമ്പത്തൂർ സൗത്തിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ എ ഡി എം കെ സ്ഥാനാർത്ഥി അമ്മൻ കെ അർജുനൻ ജില്ലാ കളക്ടറേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടികൾ പിടിച്ചെടുത്തിട്ടും നടപടിയില്ലെന്നും അർജുനൻ ആരോപിച്ചു. വോട്ടിന് പണം കൊടുക്കുന്നത് തനിക്ക് ഇഷ്ടമില്ലാത്ത രീതി ആണെന്നായിരുന്നു ബാലാജിയുടെ പ്രതികരണം. തിരുനെൽവേലി പാളയംകോട്ടയിൽ പണം നൽകാത്തതിൽ പ്രതിഷേധിച്ച് ഡി എം കെ സ്ഥാനാർത്ഥി അബ്ദുൾ വഹാബിന്‍റെ വീട്ടിലെത്തി ഒരു സംഘം സ്ത്രീകളാണ് പ്രതിഷേധിച്ചത്. പ്രദേശത്തെ ചില വീടുകളിൽ 1000 രൂപ നൽകിയെന്നറിഞ്ഞായിരുന്നു ഇവരുടെ പ്രതിഷേധം. തങ്ങൾക്ക് എന്തുകൊണ്ട് പണം നൽകുന്നില്ലെന്ന ചോദ്യമാണ് ഇവർ ഉന്നയിച്ചത്. കരൂരിൽ വിതരണത്തിനുള്ള 72 പ്രഷർ കുക്കർ ഫ്ലയിംഗ് സ്ക്വാഡ് എത്തിയതോടെ വഴിയിൽ ഉപേക്ഷിച്ച് എ ഐ എ ഡി എം കെ നേതാക്കൾ മുങ്ങിയതിനും നിശബ്ദ പ്രചാരണ ദിവസം സാക്ഷ്യം വഹിച്ചു. ഒരു വോട്ടിന് 1000 മുതൽ 5000 രൂപ വരെ ഡി എം കെ സഖ്യവും എൻ ഡി എയും നൽകുന്നതായാണ് മണ്ഡലങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. വോട്ടിനായി പണം നൽകിയെന്ന ആരോപണത്തിൽ തമിഴ്നാട്ടിൽ 3 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് അഴിമതിവിരുദ്ധ സംഘടന ആയ അറപ്പോർ ഇയക്കം ആവശ്യപ്പെട്ടു. ആലങ്കുളം, മൈലാപ്പൂർ, തിരുമംഗലം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam