
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനൊരുങ്ങി കമൽഹാസൻ. ചെന്നൈ ആലന്തൂരും കോയമ്പത്തൂരും സ്ഥാനാർത്ഥിയാകാനാണ് തീരുമാനം. ഇതിനിടെ മറ്റ് സംസ്ഥാനങ്ങളിലെ തകർച്ച ചൂണ്ടിക്കാട്ടി കോൺഗ്രസുമായി സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ. തെരഞ്ഞെടുപ്പിന് ശേഷം കമല്‍ഹാസനുമായുള്ള സഖ്യകാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് കനിമൊഴി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2011ല്‍ വിജയകാന്തിന്‍റെ ഡിഎംഡികെ അട്ടിമറി വിജയം നേടിയ ആലന്തൂരും, ഇടത് പാര്‍ട്ടികള്‍ക്കും മക്കള്‍ നീതി മയ്യത്തിനും ശക്തമായ സ്വാധീനമുള്ള കോയമ്പത്തൂര്‍ സൗത്തിലുമാണ് കമല്‍ ജനവിധി തേടുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചിത്രീകരിച്ചാണ് കമല്‍ വോട്ടുചോദിക്കാന്‍ ഇറങ്ങുന്നത്. മൂന്നാം മുന്നണിയുടെ ഭാഗമായ ശരത്കുമാറും സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് ക്ഷണിച്ച് കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു.
2016ല്‍ നല്‍കിയതിന്‍റെ പകുതി സീറ്റ് മാത്രമേ സഖ്യത്തില്‍ കോണ്‍ഗ്രസിന് നല്‍കാനാകൂ എന്ന നിലപാടിലാണ് ഡിഎംകെ. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പ് വരുത്താന്‍ 180 സീറ്റില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് തീരുമാനം. കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയില്‍ ഭരണം സുരക്ഷിതമല്ലെന്നാണ് ഡിഎംകെ വിലയിരുത്തല്‍.
അധികാരത്തിലേറാമെന്നത് ബിജെപിയുടേത് നടക്കാത്ത സ്വപ്നം മാത്രമാണെന്നും ഡിഎംകെ വന്‍ വിജയം നേടുമെന്നും കനിമൊഴി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കമൽഹാസനുമായുള്ള സഖ്യകാര്യത്തിൽ പാർട്ടി അധ്യക്ഷൻ സ്റ്റാലിൻ കൃത്യമായ സമയത്ത് തീരുമാനമെടുക്കുമെന്നും കനിമൊഴി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam