
തിരുവനന്തപുരം: കേരളത്തിലെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട്. തിരുവനന്തപുരത്തെത്തിയ തമിഴ്നാട് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ നിയമസഭയില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കെ ഫോണ്‍ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു. തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ്വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്റെ മാതൃക നടപ്പിലാക്കുന്നത്.
കൂടിക്കാഴ്ചയില്‍ തമിഴ്നാട് ഐ.ടി സെക്രട്ടറി ജെ. കുമാരഗുരുബരന്‍, ടാന്‍ഫിനെറ്റ് കോര്‍പ്പറേഷന്‍ എം.ഡി എ ജോണ്‍ ലൂയിസ്, ഐ.ടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, കെ ഫോണ്‍ എം.ഡി ഡോ. സന്തോഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. ഇത് സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പ്
കെ ഫോണിനെക്കുറിച്ച് പഠിക്കാൻ തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ കേരളം സന്ദർശിച്ചു. ഇന്ന് അദ്ദേഹത്തെ നേരിട്ട് കാണാനും കെ ഫോണിനെക്കുറിച്ചു വിശദമായി ചർച്ച ചെയ്യാനും സാധിച്ചു. തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്റെ മാതൃക നടപ്പിലാക്കുന്നത് എന്ന് അറിയിക്കുകയുണ്ടായി. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു കേരളത്തിന്റെ എല്ലാ മാർഗനിർദ്ദേശങ്ങളും വാഗ്ദാനം ചെയ്തു. ആത്മാർത്ഥ സഹകരണത്തോടെ ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിയ്ക്കുമായി ഒരുമിച്ചു മുന്നോട്ടു പോകുമെന്ന് പരസ്പരം ഉറപ്പു നൽകുകയും ചെയ്തു.
Read more: ബീമാപ്പള്ളി അമിനിറ്റി സെന്ററിന് അധിക തുക, 2.58 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി
അതേസമയം, കേരളത്തിൽ എ ഐ ക്യാമറകൾ സ്ഥാപിച്ചതിനെക്കുറിച്ച് പഠിക്കാനായി തമിഴ്നാട് ഗതാഗതവകുപ്പിലെ സംഘമെത്തിയിരുന്നു. എഐ ക്യാമറകൾ സ്ഥാപിച്ചതിനെ തുടർന്ന് അപകട നിരക്കും റോഡ് അപകട മരണനിരക്കും ഗണ്യമായി കുറഞ്ഞതിനെക്കുറിച്ച് കൂടുതൽ പഠിക്കാനാണ് തമിഴ്നാട് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എത്തിയത്. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ തമിഴ്നാട് സംഘത്തെ സ്വീകരിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെ ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്ത് എ ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ അപകടമരണങ്ങൾ പകുതിയായി കുറഞ്ഞുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞവർഷം ജൂണിൽ വാഹനാപകടങ്ങളിൽ 344 പേർ മരിച്ചപ്പോൾ എ ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയ ഈ വർഷം ജൂണിൽ അത് 140 ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം