
ചെന്നൈ: അരിക്കൊമ്പനെ കുങ്കിയാന ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തമിഴ്നാട് പി സി സി എഫ് ശ്രീനിവാസ് ആർ റെഡ്‌ഡി. അപ്പർ കോതയാർ വന മേഖലയിൽ തുറന്നുവിട്ട ആനയെ വീണ്ടും പിടികൂടുന്നതിനോട് താത്പര്യമില്ല. അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ ആണെന്നും ശ്രീനിവാസ് റെഡ്‌ഡി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, മയക്കുവെടിവച്ച് രാമപുരത്ത് എത്തിച്ചപ്പോൾ ചരിഞ്ഞ തണ്ണീർക്കൊമ്പന്‍റെ ശരീരത്തിൽ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകൾ ഉണ്ടെന്ന് വനം വകുപ്പ് വെളിപ്പെടുത്തി.
കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ കൊണ്ടതാകാം എന്നാണ് നിഗമനം. തണ്ണീർ കൊമ്പനെ കേരള വനമേഖലയിൽ കണ്ടപ്പോൾ തന്നെ, കേരള കർണാടക വനം വകുപ്പുകൾ തമ്മിൽ ആശയ വിനിമയം നടത്തിയിരുന്നു. എന്നാൽ 4 മുതൽ 5 മണിക്കൂറിനിടെയാണ് ആനയുടെ ലൊക്കേഷൻ സിഗ്നൽ കിട്ടിയിരുന്നത്. ഇതിനിടയിൽ തണ്ണീർ കൊമ്പൻ ഒരുപാട് ദൂരം യാത്ര ചെയ്തത്, ആനയെ ട്രാക്കു ചെയ്യുന്നതിന് തടസ്സമായി എന്നാണ് വിലയിരുത്തൽ.
തണ്ണീർ കൊമ്പൻ തിരുനെല്ലി സർവാണിയിൽ എത്തിയിരുന്നെന്നും സൂചനയുണ്ട്. ആനയെ ട്രാക്കു ചെയ്തു കാട്ടിലേക്ക് തുരത്തുന്നതിൽ വീഴ്ചയുണ്ടായോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ട്. വനംവകുപ്പ് തണ്ണീർക്കൊമ്പൻ ദൌത്യം വിശകലനം ചെയ്യാൻ അഞ്ചംഗം വിദഗ്ധ സമിതിയെ നിയോഗിച്ചു.
ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേറ്റർ വിജയാനന്ദ് ആണ് മേധാവി. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം മാനന്തവാടി നഗരത്തിലിറങ്ങിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീർക്കൊമ്പൻ ചെരിയുകയായിരുന്നു. ശ്വാസ കോശവും ഹൃദയവും ഒരുമിച്ചു നിലച്ചതാണ് മയക്കുവെടി വച്ചു പിടികൂടിയ തണ്ണീർക്കൊമ്പന്റെ മരണകാരണം എന്നാണ് കർണാടക വനംവകുപ്പ് അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam