'സൈബര്‍ മനോരോഗികളുടെ 'കരുതലിന്റെ' പരിണിതഫലം'; രമ്യയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് ആര്യ

Published : May 21, 2024, 07:58 PM IST
'സൈബര്‍ മനോരോഗികളുടെ 'കരുതലിന്റെ' പരിണിതഫലം';  രമ്യയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് ആര്യ

Synopsis

'അത്തരക്കാര്‍ രമ്യയെ എന്തൊക്കെ പറഞ്ഞു കാണുമെന്നും എങ്ങനെയൊക്കെ ദ്രോഹിച്ചിരിക്കുമെന്നും ഊഹിക്കാവുന്നതേയുള്ളു.' സൈബറാക്രമണം ഗൗരവതരമായ സാമൂഹ്യപ്രശ്‌നമാണെന്നും ആര്യ.

തിരുവനന്തപുരം: സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും ഉയരണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. തമിഴ്‌നാട്ടില്‍ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ രമ്യയെന്ന യുവതി ജീവനൊടുക്കിയ സംഭവം ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ആര്യയുടെ പ്രതികരണം.

ആരെയും എന്തും പറയാമെന്നും അവഹേളിക്കാമെന്നും അതൊക്കെ ജന്മാവകാശമാണെന്നും ധരിച്ച് വച്ചിരിക്കുന്ന സൈബര്‍ മനോരോഗികളുടെ 'കരുതലിന്റെ' പരിണിതഫലമാണ് രമ്യയുടെ ആത്മഹത്യയെന്ന് ആര്യ പറഞ്ഞു. അത്തരക്കാര്‍ രമ്യയെ എന്തൊക്കെ പറഞ്ഞു കാണുമെന്നും എങ്ങനെയൊക്കെ ദ്രോഹിച്ചിരിക്കുമെന്നും ഊഹിക്കാവുന്നതേയുള്ളു. സൈബറാക്രമണം ഗൗരവതരമായ സാമൂഹ്യപ്രശ്‌നമാണെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. 

ആര്യയുടെ കുറിപ്പ്: ''വേദനാജനകമായ വാര്‍ത്തയാണിത്. അമ്മ എന്ന നിലയ്ക്ക് രമ്യ അനുഭവിച്ച മാനസിക സംഘര്‍ഷത്തിന്റെ ആഴം വളരെ വലുതാണ്. രമ്യയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. ഏത് സംഭവം ഉണ്ടായാലും അതിന്റെ വസ്തുതകളെ കുറിച്ചോ സാഹചര്യങ്ങളെ കുറിച്ചോ യാതൊരു അന്വേഷണവും നടത്താതെയും മുന്‍പിന്‍ നോക്കാതെയും പരിണിതഫലങ്ങളെ കുറിച്ച് ആലോചിക്കാതെയും ആരെയും എന്തും പറയാമെന്നും എങ്ങനെ വേണമെങ്കിലും പരിഹസിക്കാമെന്നും ഏതറ്റം വരെയും അവഹേളിക്കാമെന്നും അതൊക്കെ തങ്ങളുടെ ജന്മാവകാശമെന്നും തങ്ങളെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ധരിച്ച് വച്ചിരിക്കുന്ന ഒരുകൂട്ടം സൈബര്‍ മനോരോഗികളുടെ 'കരുതലിന്റെ' പരിണിതഫലമാണ് ഈ വാര്‍ത്ത.''

''രമ്യയെ ഇക്കൂട്ടര്‍ എന്തൊക്കെ പറഞ്ഞു കാണുമെന്നും എങ്ങനെയൊക്കെ ദ്രോഹിച്ചിരിക്കുമെന്നും നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഇതൊരു ഗൗരവതരമായ സാമൂഹ്യപ്രശ്‌നമാണ്. ആത്മഹത്യയോ ഉള്‍വലിയലോ നാട് വിടലോ ഒന്നും കൊണ്ടല്ല ഇതിനെ നേരിടേണ്ടത് എന്ന് നമ്മുടെ സ്ത്രീസമൂഹം തിരിച്ചറിയണം. ഇത്തരം വൃത്തിക്കെട്ട മനുഷ്യര്‍ കൂടെ ഉള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന ബോധ്യത്തോടെ അതിനെയെല്ലാം അവഗണിച്ചും നേരിട്ടും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാനാണ് തയ്യാറാകേണ്ടത്. ഇത്തരം സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും ഉണ്ടാകേണ്ടതുണ്ട്.''

ശനിയാഴ്ചയാണ് കോയമ്പത്തൂര്‍ സ്വദേശിയായ വെങ്കിടേഷിന്റെ ഭാര്യ രമ്യ (33) ജീവനൊടുക്കിയത്. രമ്യയുടെ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ചെന്നൈയിലെ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്നും താഴേക്ക് വീണിരുന്നു. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ രമ്യയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നതടക്കം അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് യുവതിക്ക് നേരെയുണ്ടായത്. ചില ബന്ധുക്കളും ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളര്‍ന്നിരുന്നു. വിഷാദരോഗത്തിനും ചികിത്സയിലായിരുന്നു. ഇതിനിടെയാണ് രമ്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു.

തലസ്ഥാനത്തെ 10 റോഡുകളും 15നുള്ളിൽ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി; 'വെള്ളക്കെട്ട് പ്രശ്‌നത്തിനും ഉടൻ പരിഹാരം' 
 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തന്ത്രി എന്തോ വലിയ തെറ്റ് ചെയ്‌തെന്ന് വരുത്താൻ ശ്രമിക്കുന്നു, എസ്ഐടിയെ സംശയമുണ്ട്, ഇത് മനപ്പൂർവം ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം: കെ മുരളീധരൻ
സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇന്ന് അം​ഗത്വം സ്വീകരിക്കും