അലീനയുടെ മരണം: 100 രൂപ പോലും മകൾക്ക് മാനേജ്മെൻ്റ് കൊടുത്തില്ല, സർക്കാരിന് രേഖകളും നൽകിയില്ലെന്നും അച്ഛൻ

Published : Feb 19, 2025, 11:04 PM ISTUpdated : Feb 19, 2025, 11:05 PM IST
അലീനയുടെ മരണം: 100 രൂപ പോലും മകൾക്ക് മാനേജ്മെൻ്റ് കൊടുത്തില്ല, സർക്കാരിന് രേഖകളും നൽകിയില്ലെന്നും അച്ഛൻ

Synopsis

അധ്യാപിക അലീന ബെന്നിയുടെ മരണത്തിൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്‌മെൻ്റിനെതിരെ ആരോപണവുമായി പിതാവ് ബെന്നി

കോഴിക്കോട്: കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപിക അലീന ബെന്നിയുടെ മരണത്തിൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്‌മെൻ്റിനെതിരെ ആരോപണവുമായി പിതാവ് ബെന്നി. മകൾക്ക് ശമ്പളം നൽകിയില്ലെന്നും മകളുടെ നിയമനം ശരിയാക്കാൻ സർക്കാരിന് രേഖകൾ നൽകിയില്ലെന്നും അടക്കം ഗുരുതര ആരോപണങ്ങലാണ് അലീനയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ ഉന്നയിച്ചത്.

പിതാവ് പറഞ്ഞത് ഇങ്ങനെ -

മകൾക്ക് ജോലി കിട്ടി, നല്ല ശമ്പളം കിട്ടി വിവാഹം കഴിപ്പിച്ച് അയക്കാനായിരുന്നു ആഗ്രഹം. ഡിസ്‌മിസ്‌ഡ് വേക്കൻസിയിലാണ് ആദ്യം കട്ടിപ്പാറ സ്കൂളിൽ നിയമനം നൽകിയത്. അധ്യാപിക അവധി കഴിഞ്ഞ് വന്നതോടെ ജോലി പോയി. അതിൽ പ്രശ്ന പരിഹാരത്തിനായി തിരുവനന്തപുരത്ത് ഡിപിഐയെ വരെ ബന്ധപ്പെട്ടു. ഒന്നും സംഭവിച്ചില്ല. പിന്നീട് പള്ളി കമ്മിറ്റി ഇടപെട്ട് കോടഞ്ചേരി സെൻ്റ് ജോർജിലേക്ക് ഫ്രഷ് അപ്പോയിൻ്റ്മെൻ്റ് തന്നു. ഈ ഘട്ടത്തിൽ ആദ്യം നൽകിയ ജോലിയും ആനുകൂല്യങ്ങളും വേണ്ടെന്ന് മകളോട് താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്‌മെൻ്റ് എഴുതി വാങ്ങിച്ചതായാണ് തനിക്ക് അറിയാൻ കഴിഞ്ഞത്. അങ്ങനെയെങ്കിലും ശമ്പളം കിട്ടുമെന്ന് കരുതിയാണ് അത് എഴുതിക്കൊടുത്തത്. എന്നാൽ കോടഞ്ചേരി സ്‌കൂളിലും 100 രൂപ പോലും ശമ്പളം കിട്ടിയിട്ടില്ല. മാനേജ്മെൻ്റ് സർക്കാരിന് കൃത്യമായ രേഖകൾ നൽകാതിരുന്നതാണ് നിയമനം ലഭിക്കാതിരിക്കാൻ കാരണം. താൻ എത്രയോ തവണ കോർപറേറ്റ് ഓഫീസിൽ കയറിയിറങ്ങിയതാണ്. ഒൻപത് വർഷമായി ജോലി ചെയ്ത് ശമ്പളം കിട്ടാത്തവർ ഉണ്ടെന്നായിരുന്നു അവിടെ നിന്ന് ലഭിച്ച മറുപടി. അതിനർത്ഥം എന്താണ്, ഒൻപത് വർഷം കാത്തിരിക്കണമെന്നാണോ? ആദ്യത്തെ സ്കൂളിൽ നിയമനത്തിനായി പണം നൽകിയിരുന്നു. അത് എത്രയെന്ന് ഇപ്പോൾ ഓർക്കുന്നില്ല. ഒരു നിയമ നടപടിക്കും പോകുന്നില്ല. ജോലി കഴിഞ്ഞ് വന്ന് മകൾ കരയുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. മകളോട് ആശ്വാസവാക്ക് പോലും പറയാറില്ലായിരുന്നു. അവളുടെ വിഷമത്തിന് എന്ത് പറ‌ഞ്ഞിട്ടും ഫലമുണ്ടായില്ല. ജോലിക്കായി അപേക്ഷിച്ചതും അത് നിരസിച്ചതിൻ്റെയും അടക്കം എല്ലാ രേഖകളും തന്റെ കൈവശമുണ്ട്. മാനേജ്മെൻ്റ് മകൾക്ക് പണം കൊടുത്തിട്ടില്ല. കോടഞ്ചേരി സ്കൂളിലെ പിടിഎയാണ് 3000 രൂപ വണ്ടിക്കൂലിക്ക് കിട്ടിയത്. ആദ്യം പഠിപ്പിച്ച സ്കൂളിലെ അധ്യാപകരാരും വീട്ടിലേക്ക് ഇതുവരെ വന്നിട്ടില്ല. കോടഞ്ചേരി സ്കൂളിലെ അധ്യാപകരാണ് ഇങ്ങോട്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു.
 

PREV
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്