ഓൺലൈൻ ക്ലാസിനിടെ വിദ്യാർത്ഥികൾക്ക് അശ്ലീല സന്ദേശം അയച്ച സംഭവം: ഒരു അധ്യാപകൻ കൂടി അറസ്റ്റിൽ

Published : Jun 10, 2021, 06:43 PM ISTUpdated : Jun 10, 2021, 07:01 PM IST
ഓൺലൈൻ ക്ലാസിനിടെ വിദ്യാർത്ഥികൾക്ക് അശ്ലീല സന്ദേശം അയച്ച  സംഭവം: ഒരു അധ്യാപകൻ കൂടി അറസ്റ്റിൽ

Synopsis

ഓണ്‍ലൈന്‍ ക്ലാസിനിടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രയ്ക്ക് ക്ഷണിച്ചും ശരീരവർണന നടത്തിയും അധ്യാപകൻ അയച്ച സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ട് വിദ്യാര്‍ത്ഥിനികള്‍ പുറത്തുവിട്ടതോടെയാണ് നടപടി. 

ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശം അയച്ച് ലൈംഗികച്ചുവയോടെ വിദ്യാര്‍ത്ഥിനികളോട് സംസാരിച്ച ഒരു അധ്യാപകന്‍ കൂടി അറസ്റ്റില്‍. ചെന്നൈ കേന്ദ്രീയ വിദ്യാലയത്തിലെ ഭൗതികശാസ്ത്രാധ്യാപകന്‍ മനോജ് കുമാറാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായ അധ്യാപകര്‍ നാല് ആയി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികൾക്ക്  അധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസിലെ സുരക്ഷ ഉറപ്പുവരുത്താന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. 

ഓണ്‍ലൈന്‍ ക്ലാസിനിടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രയ്ക്ക് ക്ഷണിച്ചും ശരീരവർണന നടത്തിയും അധ്യാപകൻ അയച്ച സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ട് വിദ്യാര്‍ത്ഥിനികള്‍ പുറത്തുവിട്ടതോടെയാണ് നടപടി. കേന്ദ്രീയ വിദ്യാലയത്തിലെ ഭൗതികശാസ്ത്രാധ്യാപകന്‍ മനോജ് കുമാറിനെ ചെന്നൈയിലെ ഫ്ലാറ്റിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിൻ്റെ ഭാ​ഗമായി സ്കൂളിലും പൊലീസ് പരിശോധന നടത്തി. 

ഇതേ സ്കൂളിലെ ജൂഡോ അധ്യാപകന്‍ ദുരൈസ്വാമിയെ സമാന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തോര്‍ത്തമുണ്ട് മാത്രമുടുത്ത് കൊമേഴ്സ് അധ്യാപകന്‍ ക്ലാസ് എടുക്കുന്നതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത്  ബാലഭവന്‍ സ്കൂളിലെ കൊമേഴ്സ് അധ്യാപകന്‍ രാജഗോപാലിനെ റിമാന്‍ഡ് ചെയ്തിരുന്നു. 

കില്‍പ്പോക്ക് മഹിര്‍ഷി വിദ്യാമന്ദിര്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സയന്‍സ് അധ്യാപകന്‍ ജെ ആനന്ദിനെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്കൂളിലെ പ്രധാനാധ്യാപകന്‍റെ നിരീക്ഷണത്തിലായിരിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പ്രത്യേക സാഹചര്യം പരിഗണിച്ച് നിരീക്ഷണത്തിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ വ്യക്തമാക്കി.

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം