
മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത പ്രതിരോധത്തിലായി കേന്ദ്രസർക്കാരും എൻടിഎയും. പരീക്ഷ പേപ്പർ തയാറാക്കാൻ നിയോഗിച്ച പൂനെ സ്വദേശിയായ ബയോളജി അധ്യാപിക മനീഷ ഗുരുനാഥയെ സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യപ്പേപ്പർ പരിഭാഷപ്പെടുത്തിയ അധ്യാപകരിലേക്കും സിബിഐ അന്വേഷണം നീളുകയാണ്. പരീക്ഷ റദ്ദാക്കിയതിന് പിന്നാലെയുള്ള വിദ്യാർത്ഥികളുടെ ആത്മഹത്യ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി സർക്കാരിനെതിരായ നിലപാട് കടുപ്പിക്കുകയാണ്. വിദ്യാർത്ഥികളെ കൊല ചെയ്തത് സർക്കാരെന്ന് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.
രാജ്യത്തിന് ആകെ നാണക്കേടുണ്ടാക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത പ്രതിരോധത്തിലായിരിക്കുയാണ് മോദി സർക്കാർ. ചോദ്യപേപ്പർ തയ്യാറാക്കൻ ദേശീയ പരീക്ഷ ഏജൻസി നിയോഗിച്ച പാനലിലെ രസതന്ത്ര അധ്യാപകൻ പി വി കുൽക്കർണി ഇന്നലെ പൂനെയിൽ നിന്ന് പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യപേപ്പർ തയ്യാറാക്കാൻ നിയോഗിച്ച അധ്യാപികയും പിടിയിലായത്. ബയോളജി അധ്യാപകിയായ മനീഷ ഗുരുനാഥാണ് പിടിയിലായത്. സുവോളജി, ബോട്ടണി പേപ്പറുകൾ തയ്യാറാക്കിയ സംഘത്തിലെ അംഗമാണ് ഈ അധ്യാപിക.
പൂനെയിലും നാസിക്കിലുമായി നേരത്തെ അറസ്റ്റിലായ പ്രതികൾക്ക് ഇവരാണ് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്ന് സിബിഐ വ്യക്തമാക്കുന്നു. പാനലിലുള്ള അധ്യാപകന്‍റെ അറസ്റ്റ് എൻടിഎയുടെ സംവിധാനങ്ങളെ തന്നെയാണ് ചോദ്യമുനയിൽ നിർത്തിയിരിക്കുയാണ്. എൻടിഎയിലെ ചില ഉന്നതരിലേക്കും അന്വേഷണം നീളുന്നു എന്നാണ് വിവരം. കേരളം അടക്കം മറ്റ് ഏഴ് സംസ്ഥാനങ്ങളിലേക്കും ചോർച്ചയുടെ കണ്ണികൾ നീങ്ങുകയാണ്. ചോദ്യങ്ങൾ പരിഭാഷപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. ചില കോച്ചിംഗ് സെന്‍ററുകളും സിബിഐ റഡാറിലുണ്ട്.
കേരളത്തിൽ പത്തനംതിട്ടയിൽ ചില കേന്ദ്രങ്ങളിലും സംസ്ഥാന ഇൻറിലജൻസിന്‍റെ അടക്കം പരിശോധന നടന്നിട്ടുണ്ട്. രാജസ്ഥാനിലെ സിക്കറിൽ നീറ്റ് എഴുതിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് കാരണം പരീക്ഷ റദ്ദാക്കിയതിലള്ള മനോവിഷമം ആണെന്ന് വീട്ടുകാർ ആരോപിച്ചു. നീറ്റ് പരീക്ഷ എഴുതിയ പ്രദീപ് മേഘ് വാൾ ആണ് ജീവനൊടുക്കിയത്. വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ കേന്ദ്രത്തെ വിമർശിച്ച രാഹുൽ ഗാന്ധി വിദ്യാർത്ഥികളെ കൊല ചെയ്തത് സർക്കാരാണെന്ന് കുറ്റപ്പെടുത്തി. ചോദ്യപേപ്പർ തയ്യാറാക്കിയ വ്യക്തി തന്നെ അറസ്റ്റിലായത് സംഘടിത അഴിമതിക്ക് തെളിവെന്നും കോൺഗ്രസ് ആരോപിച്ചു. പിടിപ്പുകേട് വ്യക്തായിട്ടും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനോ കേന്ദ്ര സർക്കാരോ ഇതുവരെ ഉത്തരവാദിത്തമേൽക്കാൻ തയ്യാറായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam