പൊതിച്ചോറിലെ സ്നേഹക്കത്തെഴുതിയത് ആരാണ്? പ്രതീക്ഷയാണ്, നേരിട്ട് കാണാൻ ആ​ഗ്രഹമെന്ന് കുറിപ്പ് കിട്ടിയ അധ്യാപകന്‍

By Web TeamFirst Published Jan 27, 2023, 11:01 AM IST
Highlights

വൈഫിനാണ്  ആ കുറിപ്പ് കിട്ടിയത്. വൈഫ് അത് കണ്ട് കണ്ണ് നിറഞ്ഞ് നിൽക്കുന്ന സമയത്താണ് ഞാനും അതെന്താണെന്ന് നോക്കുന്നത്. 

തിരുവനന്തപുരം:  ഒരു പൊതിച്ചോറും അതിൽ നിന്ന് ലഭിച്ച ഒരു കുറിപ്പുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഈ കുറിപ്പ് കിട്ടിയത് മലപ്പുറം മമ്പാട് എംഇഎസ് കോളേജിലെ രാജേഷ് മോൻജി എന്ന അധ്യാപകനാണ്. കുറിപ്പ് എഴുതിയ ആളെ ഇതുവരെ കണ്ടുകിട്ടിയില്ല. ഈ കുറിപ്പ് തന്റെ കയ്യിൽ കിട്ടിയതിനെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ, ''എന്റെ അമ്മയുടെ ചികിത്സാർത്ഥമാണ് മെഡിക്കൽ കോളേജിൽ പോകുന്നത്. ഏഴാം തീയതി മുതൽ അവിടെയുണ്ട്. ഞാനും വൈഫും അനിയനും അവിടെത്തന്നെയുണ്ടായിരുന്നു. ഉച്ചക്ക് സാധാരണ ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിക്കാറ്. അപ്പോഴാണ് തൊട്ടടുത്തുള്ള ഒരാൾ പറഞ്ഞത് അവിടെ പൊതിച്ചോറുണ്ട് എന്ന്. ഉണ്ടെന്ന് അറിയാമായിരുന്നു. പക്ഷേ ആ സമയത്ത് അവിടെ എത്താറില്ല. അന്നും അതിന്റെ തലേദിവസവും അവിടെ നിന്ന് തന്നെയാണ് ചോറ് വാങ്ങിയത്. സാധാരണ രണ്ട് പൊതി കിട്ടാറുണ്ട്. അന്ന് പതിവിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നത് കൊണ്ട് ഒരു പൊതിയേ കിട്ടിയുള്ളൂ.'' '

Read more: 'ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ'; ഡിവൈഎഫ്ഐ പൊതിച്ചോറിലെ ഹൃദയം തൊടുന്ന കുറിപ്പ്

''അതുമായി വന്നു അമ്മക്ക് ചോറ് കൊടുത്തതിന് ശേഷം ഞാനും വൈഫും ഒന്നിച്ചിരുന്ന് കഴിക്കുമ്പോളാണ് അത് കണ്ടത്. വൈഫിനാണ്  ആ കുറിപ്പ് കിട്ടിയത്. വൈഫ് അത് കണ്ട് കണ്ണ് നിറഞ്ഞ് നിൽക്കുന്ന സമയത്താണ് ഞാനും അതെന്താണെന്ന് നോക്കുന്നത്. സ്കൂൾ കുട്ടിയാണെന്ന് കണ്ടപ്പോൾത്തന്നെ മനസ്സിലായി. കുട്ടികളിൽ വല്ലാത്തൊരു പ്രതീക്ഷ തോന്നി. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് വളരെ മാനവികമായി ചിന്തിക്കുന്ന, കുറച്ചുകൂടി മനുഷ്യരോട് അടുത്തു നിൽക്കുന്ന, അപരവിദ്വേഷം സൂക്ഷിക്കുന്ന ഒരു കാലത്ത് ഇങ്ങനെയുള്ള കുട്ടികൾ വല്ലാത്തൊരു പ്രതീക്ഷ നൽകുന്നു എന്നുള്ളത് വലിയൊരു സന്തോഷം തന്നെയാണ്.'' രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Read More: 'ഇതാണ് കേരളം'; ഡിവൈഎഫ്ഐ പൊതിച്ചോറിലെ കുറിപ്പ് പങ്കുവെച്ച് ബിന്ദുകൃഷ്ണ

''നിങ്ങൾ ഈ ലോകത്തിന് തന്നെ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഒരു കുട്ടിയല്ല, ഒരുപാട് കുട്ടികളുടെ ഒരു പ്രതീകമാണ് എന്നാണ് തോന്നുന്നത്. സോഷ്യൽമീഡിയ തുറന്നാലും വാർത്തകൾ കണ്ടാലും പരസ്പരം കുറ്റപ്പെടുത്തുന്ന, മതത്തിന്റെ പേരിൽ, വർ​ഗീയതയുടെ പേരിൽ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ മനുഷ്യരെ സ്നേഹിക്കാന്‍ കഴിയുന്നുണ്ടല്ലോ. അതിലെ അഭിസംബോധനയാണ് ഏറ്റവും പ്രധാനം. കാരണം ആർക്കാണ് കിട്ടുന്നതെന്ന് പോലും അറിയില്ലല്ലോ. ആർക്ക് വേണമെങ്കിലും കിട്ടാം, ആരാണ് അത് വായിക്കുന്നതെന്നും അറിയില്ല.''

''മാത്രമല്ല അതിന് പിന്നിൽ മറ്റൊരു സങ്കടം കൂടിയുണ്ട്. അമ്മ വീട്ടിലില്ല. നേരത്തെ പറഞ്ഞ് ഉറപ്പിച്ചതായിരിക്കുമല്ലോ. അത് തടസ്സപ്പടരുതെന്ന് ഒരു തോന്നൽ ആ കുട്ടിക്ക് ഉണ്ടായി. വേണമെങ്കിൽ ആ കുട്ടിക്ക് അമ്മ വീട്ടിലില്ല എന്ന് പറയാം. അങ്ങനെ ചെയ്തില്ല. ആ കുട്ടി അത് കഷ്ടപ്പെട്ട് ഉണ്ടാക്കി വാങ്ങാൻ വരുന്നവർക്ക് കൊടുത്തു. ആ കുട്ടി എന്തുമാത്രം പ്രതീക്ഷയാണ് നമുക്ക് നൽകുന്നത്? എല്ലാ അർത്ഥത്തിലും. കുട്ടിയെ കണ്ടെത്താൻ സാധിച്ചാൽ  വളരെ സന്തോഷം. കണ്ടെത്തിയാൽ നേരിട്ട് കാണണം എന്നും ആ​ഗ്രഹമുണ്ട്. ഇത്രയും സ്വീകാര്യത ആ കുറിപ്പിന് കിട്ടും എന്ന് വിചാരിച്ചതേയില്ല''. ഇതെഴുതിയ ആളോട് ഇദ്ദേഹത്തിന് പറയാൻ ഉള്ളത് ഇത്രമാത്രം. 

എന്തായാലും  ആ കുറിപ്പ് ഫ്രെയിം ചെയ്ത് സൂക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. അതിനായി ഒരു വെള്ളപേപ്പറിൽ ഒട്ടിച്ച് സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും രാജേഷ് പറയുന്നു. 

 

 
click me!