
വയനാട്: ടീച്ചറും കുട്ടികളും സ്കൂള്‍ മുറ്റത്ത് സൈക്കിൾ ചവിട്ടുന്ന വീഡിയോ കണ്ടവരാരും മറന്നിട്ടുണ്ടാവില്ല. മുണ്ടക്കൈ എൽപി സ്കൂളിൽ നിന്നുള്ളതായിരുന്നു ആ വീഡിയോ. കുട്ടികളുടേതു പോലുള്ള യൂണിഫോമിട്ടെത്തിയ ശാലിനി ടീച്ചറുടെയും കുട്ടികളുടെയും വീഡിയോ കണ്ട് അന്ന് മനസ്സ് നിറഞ്ഞിട്ടുണ്ടാവും. എന്നാൽ ആ സ്കൂളിനെ ഉരുളെടുത്തു എന്ന് കേൾക്കുമ്പോള്‍ ഉള്ള് പിടയും. സ്കൂളിലെ ചില കുട്ടികള്‍ എവിടെയാണെന്ന് ഇപ്പോഴും വിവരമില്ല.
"പി ടി പിര്യഡിന്‍റെ സമയത്ത് ഗ്രൌണ്ടിലേക്ക് വന്നപ്പോഴാണ് സൈക്കിൾ കണ്ടത്. സൈക്കിൾ കണ്ടപ്പോള്‍ ക്ലാസ്സിലെ കുട്ടികൾക്ക് കയറാൻ ആഗ്രഹം തോന്നി. അങ്ങനെ അവരെ കയറ്റിയിരുത്തി ഓടിച്ചു. കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ ഞാൻ തന്നെയാ ഫോണ്‍ കൊടുത്ത് വീഡിയോ എടുക്കാൻ പറഞ്ഞത്"- ശാലിനി ടീച്ചർ അന്ന് സന്തോഷത്തോടെ പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഇനിയൊരിക്കലും തനിക്ക് ആ വീഡിയോ കാണാനാവില്ലെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവേ ശാലിനി ടീച്ചർ വിങ്ങലോടെ പറഞ്ഞു. ഇന്ന് ശാലിനി ടീച്ചർ മീനങ്ങാടി എൽപി സ്കൂളിലെ അധ്യാപികയാണ്. കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ് ശാലിനി തങ്കച്ചൻ. ആ പ്രദേശത്തെ ജനങ്ങളുടെ സ്നേഹം താൻ നേരിട്ട് അനുഭവിച്ചറിഞ്ഞതാണെന്ന് ടീച്ചർ പറഞ്ഞു.
ദുരന്ത ഭൂമിയില്‍ നിന്ന് 29 കുട്ടികളെയാണ് കാണാതായത്. മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്കൂളുകളിൽ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളിൽ നിന്നുമായി ആകെ 29 വിദ്യാർത്ഥികളെ കാണാതായതായി ഡിഡിഇ ശശീന്ദ്രവ്യാസ് വി എ ഉദ്യോഗസ്ഥതല യോഗത്തില്‍ അറിയിച്ചു. രണ്ട് സ്കൂളുകളാണ് ഉരുൾപൊട്ടിയ ഭാഗങ്ങളിലുള്ളത്. ഇതിൽ വെള്ളാർമല സ്കൂളിൽ നിന്ന് 11 കുട്ടികളെ ആണ് കാണാതായത്. കാണാതായ 29 കുട്ടികളിൽ നാല് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam