'കാർ നിർത്തി ഇടതുവശത്തെ സീറ്റിൽ വിശ്രമിക്കുമായിരുന്നു'; അധ്യാപകന്റെ പോസ്റ്റ്‍മോർട്ടത്തിൽ വ്യക്തമായത് ഹൃദയാഘാതം

By Web TeamFirst Published May 4, 2024, 2:06 PM IST
Highlights

കാർ നിർത്തി ഇടതുവശത്തെ സീറ്റിൽ വിശ്രമിക്കുന്നിതിനിടെ അധ്യാപകന് ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയും ചെയ്തിരിക്കാമെന്നാണ് നിഗമനം.

കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് കാറിൽ അധ്യാപകൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്. പത്തനംതിട്ട അങ്ങാടിക്കൽ എസ്എൻവി ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകൻ ആർ മണികണ്‌ഠനെയാണ് കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഉച്ചയോടെയാണ് കാർ റോഡ് വശത്ത് കണ്ടതെന്നാണ് പൊലീസിന് നാട്ടുകാർ നൽകിയ മൊഴി.  യാത്രക്കിടെ കാർ പാർക്ക് ചെയ്ത് മുൻ ഭാഗത്തെ ഇടതുവശത്തെ സീറ്റിൽ വിശ്രമിക്കുന്നയാളാണ് മണികണ്ഠനെന്ന് പൊലീസ് പറഞ്ഞു. വിശ്രമിക്കുന്നതിനിടെ മണികണ്‌ഠന് ഹൃദയാഘാതം ഉണ്ടായെന്നാണ് നിഗമനം. അടൂർ പറക്കോട് സ്വദേശിയാണ് 52 വയസുള്ള മണികണ്ഠൻ.

രാത്രി പത്ത് മണിയോടെയാണ് അധ്യാപകനെ കാറിനുള്ളിൽ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എം.സി റോഡിന്റെ വശത്ത് നിർത്തിയിട്ട കാറിന്റെ മുൻവശത്തെ ഇടതു സീറ്റിൽ ആണ് മൃതദേഹം കണ്ടത്. ഏറെ നേരമായി വാഹനം ഒരേ സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാർ പരിശോധിക്കുകയായിരുന്നു. 

കലയപുരത്ത് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർ വശത്തായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. വ്യാഴാഴ്ച ഉച്ച മുതൽ തന്നെ കാർ ഇവിടെ ഉണ്ടായിരുന്നെന്ന് നാട്ടുകാരിൽ ചിലർ പറ‌ഞ്ഞു. രാത്രിയാണ് നാട്ടുകാർ കാറിനടുത്തെത്തി പരിശോധിച്ചത്. തുടർന്ന് നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസും പിന്നീട് ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തുകയും പരിശോധന നടത്തുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!