സംസ്ഥാനത്ത് നാളെ മുതൽ ഹയർ സെക്കൻഡറി മൂല്യ നിർണ്ണയ ക്യാമ്പുകൾ; തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ

By Web TeamFirst Published May 12, 2020, 1:30 PM IST
Highlights

നാളെ തുടങ്ങേണ്ട ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ. നൂറുകണക്കിന് പേർ ഒന്നിച്ചിരിക്കുന്നത് രോഗപ്പകർച്ചക്ക് ഇടയാക്കുമെന്ന് വാദം. മൂല്യനിർണ്ണയം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്.

കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതൽ ഹയർ സെക്കൻഡറി മൂല്യ നിർണ്ണയ ക്യാമ്പുകൾ തുടങ്ങാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍. ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നൂറുകണക്കിന് അധ്യാപകര്‍ ഒരുമിച്ചിരുന്ന് മൂല്യനിര്‍ണയം നടത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് പരാതി. സംസ്ഥാനത്താകെ ഇരുപതിനായിരത്തിലേറെ അധ്യാപകര്‍ക്കാണ് ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കേണ്ടത്.

സംസ്ഥാനത്താകെ ഹയര്‍ സെക്കന്‍ഡി വിഭാഗത്തില്‍ 92 മൂല്യനിര്‍ണയ ക്യാമ്പുകളാണുളളത്. ലോക്ക് ഡൗണ്‍ നിലനില്‍ക്കെ ഈ ക്യാമ്പുകളില്‍ ബുധനാഴ്ച മൂല്യനിര്‍ണയം തുടങ്ങാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഒരു ക്യാമ്പുകളില്‍ കുറ‌ഞ്ഞത് 300 അധ്യാപകര്‍ എന്ന കണക്കില്‍ 14 ജില്ലകളിലായി 20000ത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കേണ്ടി വരും. പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാൽ ക്യാമ്പുകളിൽ എത്തുക പ്രായോഗികമല്ലെന്ന് അധ്യാപകര്‍ പറയുന്നു. ഇത്രയധികം ആളുകൾക്ക് സാമൂഹ്യ അകലം പാലിച്ച് ജോലി ചെയ്യാനാകില്ലെന്നതും പ്രശ്നമാണ്.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ മൂന്ന് പരീക്ഷകള്‍ ലോക്ക് ഡൗണ്‍ മൂലം നടത്താനായിട്ടില്ല. ഈ പരീക്ഷകള്‍ 22 ന് ശേഷം നടത്താനാണ് ധാരണ. പരീക്ഷകള്‍ പോലും പൂര്‍ത്തിയാകും മുമ്പ് മൂല്യനിര്‍ണയം തിരക്കിട്ട് തുടങ്ങേണ്ട സാഹചര്യമെന്തെന്ന് അധ്യാപകര്‍ ചോദിക്കുന്നു. എസ്എസ്എൽസി മൂല്യ നിർണ്ണയമടക്കം മാറ്റി വെച്ച സാഹചര്യത്തിൽ ഹയർ സെക്കൻഡറി മൂല്യ നിർണ്ണയവും മാറ്റി വയ്ക്കണമെന്നാണ് കെഎച്ച്എസ്ടിയു, എച്ച്എസ്എസ്ടിഎ തുടങ്ങിയ സംഘടനകളുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പിനും സംഘടനകള്‍ കത്ത് നൽകിയിട്ടുണ്ട്.

click me!