മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തിക്കണമെന്ന നിർദേശത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ

By Web TeamFirst Published May 29, 2021, 3:47 PM IST
Highlights

ഒന്നാം ക്ലാസുകാരെ സ്വാഗതം ചെയ്തു കൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ സന്ദേശം. ഏറെ കരുതൽ വേണ്ട സന്ദർഭമാണിതെന്നും ദുരന്ത ഭീഷണി ഒഴിയുന്ന മുറക്ക് വിദ്യാലയത്തിലേക്ക് വരാമെന്നും മുഖ്യമന്ത്രി കുട്ടികളോട് പറയുന്നു. 

തിരുവനന്തപുരം: ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തി കൊടുക്കണമെന്ന സർക്കാർ ഉത്തരവ് വിവാദത്തിൽ. കൊവിഡ് കാലത്ത് അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ പരാതി. എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും വിതരണമെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു.

ഒന്നാം ക്ലാസുകാരെ സ്വാഗതം ചെയ്തു കൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ സന്ദേശം. ഏറെ കരുതൽ വേണ്ട സന്ദർഭമാണിതെന്നും ദുരന്ത ഭീഷണി ഒഴിയുന്ന മുറക്ക് വിദ്യാലയത്തിലേക്ക് വരാമെന്നും മുഖ്യമന്ത്രി കുട്ടികളോട് പറയുന്നു. ഈ സന്ദേശം അടങ്ങിയ കാർഡ് തിങ്കളാഴ്ചക്കുള്ളിൽ ഒന്നാം ക്ലാസുകാരുടെ വീടുകളിലെത്തി നേരിട്ട് കൈമാറണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നിറക്കിയ ഉത്തരവ്. 

കെബിപിഎസ് അച്ചടിച്ച ആശംസാ കാർഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും പ്രധാന അധ്യാപകർ വാങ്ങി അധ്യാപകർ മുഖേനെയാണ് കൈമാറേണ്ടത്. കൊവിഡ് ഡ്യൂട്ടിക്കും സ്കൂൾ പ്രവേശനത്തിനുമുള്ളു നടപടികൾ തുടങ്ങുന്നതിനുമിടയിൽ പുതിയ നിർദ്ദേശം ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പരാതി. സ്കൂൾ തുറക്കുന്നതിനെ കുറിച്ചുള്ള തീരുമാനമെടുക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ക്യൂ ഐപി യോഗത്തിലും മുഖ്യമന്ത്രിയുടെ ആശംസാ കാർഡ് വിതരണം ചർച്ച ചെയ്തില്ലെന്നും പ്രതിപക്ഷ സംഘടനകൾ കുറ്റപ്പെടുത്തുന്നു. 

click me!