
തിരുവനന്തപുരം: ഒരൊറ്റ പേര്! ടീം യുഡിഎഫ്. കേരളത്തില്‍ 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സുനാമി കണ്ടപ്പോള്‍ ദൃശ്യമായത് മുന്നണിയുടെ ഏകോപനത്തിലെ വിജയം. തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്ത് തന്നെ യുഡിഎഫ് മുന്നോട്ടുവെച്ച 100 സീറ്റുകള്‍ എന്ന ഹിമാലയന്‍ ലക്ഷ്യം കീഴടക്കിയാണ് ടീം യുഡിഎഫ് വിസ്‌മയമായത്. മുഖ്യമന്ത്രി കസേരയ്‌ക്കായി തമ്മിലടി എന്ന് ആരോപണം ഉയര്‍ന്നപ്പോഴും തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ ഒരു അവസരവും നല്‍കാതെ സുസംഘടിതമായായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പ്രചാരണം.
ടീം യുഡിഎഫ് എന്ന പ്രഖ്യാപനത്തോടെയായിരുന്നു പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. 10 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച ഇടതുമുന്നണിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് തദ്ദേശ ഫലം വന്നപ്പോഴെ വ്യക്തമായിരുന്നെങ്കിലും ഒരു ആലസ്യവും പ്രചാരണത്തില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും വരുത്തിയില്ല. യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രായാവാന്‍ കാത്തിരിക്കുന്നു എന്ന് പറയപ്പെട്ടിരുന്ന കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും മുന്നില്‍ നിന്ന് നയിച്ചാണ് യുഡിഎഫിന് നൂറുമേനി ജയം നേടിയത്. പ്രത്യക്ഷത്തില്‍ വിഡിയും കെസിയുമായിരുന്നു തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണങ്ങളുടെ ക്യാപ്റ്റന്‍മാര്‍. വിഡി കേരളത്തിലും കെസി ദില്ലിയിലുമിരുന്ന് എല്ലാ തന്ത്രങ്ങളും മെനഞ്ഞു, നടപ്പാക്കി. കേന്ദ്ര നേതൃത്വത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി കൂടി എത്തിയതോടെ യുഡിഎഫിന്‍റെ പ്രചാരണച്ചൂട് അതിന്‍റെ പാരമ്യതയിലെത്തിയിരുന്നു.
പുതുയുഗം പിറന്നു!
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ നേതൃത്വത്തില്‍ 2026 ഫെബ്രുവരി 6ന് കാസര്‍കോട് നിന്ന് പുതുയുഗ യാത്ര ആരംഭിക്കുമ്പോള്‍ അത് വിജയമാകുമോ എന്ന് സംശയിച്ചവരേറെ. എന്നാല്‍ വടക്കന്‍ കേരളത്തിലെ സിപിഎമ്മിന്‍റെ കോട്ടകൊത്തളങ്ങളില്‍ പോലും വന്‍ സ്വീകരണം ഏറ്റുവാങ്ങി പുതുയുഗ യാത്ര മാര്‍ച്ച് ആദ്യ വാരം തിരുവനന്തപുരത്ത് അവസാനിച്ചപ്പോള്‍ കണ്ടത് യുഡിഎഫിന്‍റെ വാഗ്‌ദാനങ്ങള്‍ ജനഹൃദയം കീഴടക്കുന്നത്. കേരളത്തെ വീണ്ടെടുക്കാന്‍ യുഡിഎഫ് എന്ന ആപ്തവാക്യത്തോടെയുള്ള പുതുയുഗ യാത്ര യഥാര്‍ഥത്തില്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്‍റെ ആണിക്കല്ലാവുകയായിരുന്നു.
കട്ടയ്‌ക്ക് നിന്ന ലീഗ്
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളൊന്നുമായി മുസ്ലീം ലീഗ് വിസ്‌മയിപ്പിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്. ഇരുപതിലേറെ സീറ്റുകളിലാണ് ഇത്തവണ ലീഗിന്‍റെ വിജയം. എല്‍ഡിഎഫിലെ ഏറ്റവും വലിയ പാര്‍ട്ടിയായ സിപിഎമ്മുമായി വിജയ സീറ്റുകളുടെ എണ്ണത്തില്‍ നേരിയ വ്യത്യാസം മാത്രമേ ലീഗിനുള്ളൂ. എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന ലീഗ് കേഡറുകളുടെ വന്‍ വിജയം കൂടിയായി ഈ തെരഞ്ഞെടുപ്പ്. തുടക്കം മുതല്‍ ഒടുക്കം വരെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനങ്ങള്‍ക്കൊപ്പം അടിയുറച്ച് നിന്നായിരുന്നു ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നതും ശ്രദ്ധേയമാണ്. ഉപമുഖ്യമന്ത്രി പദവും മന്ത്രി സ്ഥാനങ്ങളുടെ എണ്ണവും പോലെയുള്ള വലിയ ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കും ലീഗ് നേതാക്കളും അണികളും അധികം പോയില്ല എന്നതും ശ്രദ്ധേയമാണ്.
ഇടതിനെ പിളര്‍ത്തിയ 'വിസ്‌മയ' തന്ത്രം
ഏറെ വിസ്‌മയങ്ങള്‍ സിപിഎമ്മില്‍ നിന്ന് യുഡിഎഫിലേക്ക് വരുമെന്ന് വി ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞപ്പോള്‍ ഇടത് അണികള്‍ അത് കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്‌ണനും തളിപ്പറമ്പില്‍ ടി കെ ഗോവിന്ദന്‍ മാസ്റ്ററും അമ്പലപ്പുഴയില്‍ ജി സുധാകരനും എല്‍ഡിഎഫ് കോട്ടകള്‍ തകര്‍ത്തു. പയ്യന്നൂര്‍ മണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് സിപിഎം തോല്‍ക്കുന്നത്. അതും 2021-ല്‍ ടി മധുസൂദനന്‍ 49,780 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച സ്ഥാനത്താണ് ഇത്തവണ കുഞ്ഞികൃഷ്‌ണന്‍ വന്‍ വിസ്‌മയം സൃഷ്‌ടിച്ചത്. ആയിഷ പോറ്റിയാവട്ടെ കൊട്ടാരക്കരയില്‍ കെ എന്‍ ബാലഗോപാലിനെ കിടുകിടാ വിറപ്പിക്കുകയും ചെയ്‌തു.
ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്തി...
സിപിഎം ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷ വിഭാഗത്തെയും ഒരുപോലെ കരവലയത്തിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ വിദഗ്‌ധമായായിരുന്നു യുഡിഎഫിന്‍റെ കരുനീക്കങ്ങള്‍. ന്യൂനപക്ഷ, ഭൂരിപക്ഷ വിഭാഗങ്ങളെ വെറുപ്പിക്കാതിരിക്കാന്‍ നേതാക്കള്‍ ശ്രമിച്ചത് യുഡിഎഫ് വിജയത്തിന് മരുന്നായി.
പ്രധാന യുഡിഎഫ് നേതാക്കള്‍ ഓടിനടന്ന് പ്രചാരണം കൊഴുപ്പിച്ച നിയമസഭ തെരഞ്ഞെടുപ്പിന് കൂടിയാണ് തിരശ്ശീല വീഴുന്നത്. ഇതില്‍ തന്‍റേതായ ഇടംകണ്ടെത്തിയ ഒരു നേതാവ് ഷാഫി പറമ്പില്‍ എംപിയാണ്. അങ്ങ് വടക്ക് മുതല്‍ ഇങ്ങ് തെക്ക് വരെ ഓടി നടന്നായിരുന്നു ഇത്തവണ ഷാഫിയുടെ പ്രചാരണം. ഷാഫിയുടെ പ്രചാരണ പരിപാടികള്‍ വടക്കന്‍ കേരളത്തിലടക്കം ആളെക്കൂട്ടുകയും അത് വോട്ടായി മാറുകയും ചെയ്‌തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam