
മലമ്പുഴ: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴ നിയോജക മണ്ഡലം നിലനിര്‍ത്തി സിറ്റിംഗ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ എ പ്രഭാകരന്‍. 19,721 വോട്ടുകള്‍ക്ക് ബിജെപിയുടെ സി കൃഷ്ണകുമാറിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എ പ്രഭാകരന്‍ 68,629 വോട്ടുകളും സി കൃഷ്ണകുമാര്‍ 48,908 വോട്ടുകളും നേടി. മൂന്നാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാര്‍ഥി എ സുരേഷിന് 42,262 വോട്ടുകളാണ് നേടാനായത്.
മലമ്പുഴയില്‍ ഇക്കുറി എല്‍ഡിഎഫും എന്‍ഡിഎയും യുഡിഎഫും തമ്മില്‍ വാശിയേറിയ പോരാട്ടമായിരുന്നു ദൃശ്യമായത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്‍റെ പേഴ്‌സണല്‍ അസിസ്റ്റന്‍റ് ആയിരുന്ന എ. സുരേഷ് ഇടതുബന്ധം അവസാനിപ്പിച്ച് യുഡിഎഫ് പാളയത്തില്‍ എത്തിയതോടെയാണ് മലമ്പുഴ മണ്ഡലം ഇക്കുറി ആദ്യം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. സുരേഷിനെ സ്ഥാനാര്‍ഥിയാക്കി യുഡിഎഫ് മണ്ഡലത്തിലെ സിപിഎം പാളയത്തില്‍ വിള്ളല്‍ വീഴ്ത്താനും ശ്രമിച്ചു. അതേസമയം, ഇടതുപക്ഷം സിറ്റിങ് എംഎൽഎ എ പ്രഭാകരനെ തന്നെ സ്ഥനാര്‍ഥിയാക്കി. അതോടെ, വിഎസിന്‍റെ വിശ്വസ്‌തര്‍ തമ്മിലുള്ള പോരാട്ടമായി മാറി മലമ്പുഴ മത്സരം. ആരാണ് കൂടുതൽ വിശ്വസ്തൻ എന്നുള്ള ചോദ്യം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എല്ലാം സിപിഎമ്മിനെ തുണച്ച കോട്ടയാണ് മലമ്പുഴ. വികസനവും ശക്തമായ പാർട്ടി അടിത്തറയുമാണ് എക്കാലവും ഇടതുപക്ഷത്തെ മലമ്പുഴയിൽ വേരുറപ്പിക്കാൻ സാധ്യമാക്കുന്ന ഘടകമായി കണക്കാക്കിയിരുന്നത്. മാത്രമല്ല ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതിന് മലമ്പുഴയില്‍ മേൽക്കൈയുണ്ടായിരുന്നു. ഇതുവരെ കോൺഗ്രസിന് വിജയിക്കാൻ സാധിക്കാത്ത മണ്ഡലത്തില്‍ അവസാനം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിൽ 2016-ലും 2021-ലും മൂന്നാം സ്ഥാനത്തേക്ക് യുഡിഎഫ് പിന്തള്ളപ്പെട്ടതും ബിജെപി രണ്ടാം സ്ഥാനത്ത് തുടർന്നതും രാഷ്ട്രീയ മാറ്റമായി കണക്കാക്കാവുന്ന ഒന്നാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ. പ്രഭാകരൻ 25,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മലമ്പുഴയില്‍ വിജയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam