മരട് ഫ്ലാറ്റ് പൊളിക്കൽ ക്രമം മാറ്റൽ; സാങ്കേതിക സമിതി യോഗം ഇന്ന്

By Web TeamFirst Published Jan 3, 2020, 7:02 AM IST
Highlights

പരിസരത്തെ ജനവാസം കുറഞ്ഞ ഫ്ലാറ്റ് സമുച്ചയം ആദ്യം പൊളിക്കുന്നത് പരിഗണിക്കാമെന്ന് മരട് നഗരസഭ അധികൃതരുമായും നാട്ടുകാരുമായും നടത്തിയ ചർച്ചയിൽ സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിലെ ക്രമം മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി സാങ്കേതിക സമിതി ഇന്ന് രാവിലെ 11:30ന് യോഗം ചേരും.സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ മരട് നഗരസഭയിലാണ് യോഗം ചേരുക. ആൽഫ സെറീൻ ഫ്ലാറ്റ് സമുച്ചയം രണ്ടാമത് പൊളിക്കുന്നതിനെക്കുറിച്ച് ടെക്നിക്കൽ സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.

പരിസരത്തെ ജനവാസം കുറഞ്ഞ ഫ്ലാറ്റ് സമുച്ചയം ആദ്യം പൊളിക്കുന്നത് പരിഗണിക്കാമെന്ന് മരട് നഗരസഭ അധികൃതരുമായും നാട്ടുകാരുമായും നടത്തിയ ചർച്ചയിൽ സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ ആൽഫ സെറീൻ ,ഹോളിഫെയ്ത്ത് എന്നീ ഫ്ലാറ്റുകൾ ഈ മാസം പതിനൊന്നിനും ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ പന്ത്രണ്ടിനും പൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതിനായുളള സ്ഫോടകവസ്തുക്കൾ കൊച്ചിയിലെ രണ്ട് ഗോഡൗണുകളിലേക്ക് എത്തിച്ചു. ആറാം തീയതി ഇവ ഫ്ലാറ്റുകളിലേക്ക് എത്തിക്കും.

click me!