പട്ടികജാതിക്കാരായ അനാഥരായ സഹോദരിമാരെ ലൈഫിൽ ഉൾപ്പെടുത്തുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടെന്ന് ലൈഫ് മിഷൻ

By Web TeamFirst Published Feb 6, 2023, 6:30 AM IST
Highlights

ഒരേ റേഷന്‍ കാര്‍ഡിലുള്ളവര്‍ ലൈഫ് പദ്ധതിപ്രകാരം മറ്റൊരു വീടിനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷകര്‍ വിവാഹം കഴിഞ്ഞവരാണെന്ന വ്യവസ്ഥയുണ്ടെന്നും സഹോദരിമാര്‍ക്ക് ഈ നിബന്ധന തടസമാകുമെന്നുമാണ് മലപ്പുറം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ വകുപ്പ് മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്


മലപ്പുറം: പട്ടിക ജാതിയില്‍പ്പെട്ട അനാഥരായ, ഭൂരഹിതരായിരുന്ന സഹോദരിമാരെ ഒരു കുടുംബമായി കണക്കാക്കാക്കി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താൻ സാങ്കേതിക തടസങ്ങളുണ്ടെന്ന് ജില്ലാ തദ്ദേശ വകുപ്പും ലൈഫ് മിഷനും. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തിലാണ് വ്യക്തത വരുത്തേണ്ടതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. പെണ്‍കുട്ടികള്‍ക്ക് വീട് നല്‍കണമെന്ന പ്രമേയം പാസാക്കാന്‍ നന്നമ്പ്ര പഞ്ചായത്ത് പ്രത്യേക ഭരണസമിതിയോഗം ചേരും.'

ഒരേ റേഷന്‍ കാര്‍ഡില്‍ ഉൾപ്പെട്ട അംഗങ്ങളെ ഒറ്റകുടുംബമായി കണക്കാക്കി ഒരു ഭവനത്തിന് മാത്രമായി പരിഗണിക്കണമെന്നാണ് ലൈഫ് പദ്ധതിയുടെ ചട്ടങ്ങളിലൊന്ന്.പട്ടിക ജാതി വിഭാത്തില്‍പ്പെട്ട ഒരു റേഷന്‍ കാര്‍ഡില്‍ പേരുള്ളവരെ ഒറ്റ കുടുംബമായി കണക്കാക്കേണ്ടെന്നും കാര്‍ഡിലുള്ള അംഗങ്ങള്‍ക്ക് മറ്റൊരു വീടിനായി അപേക്ഷിക്കാമെന്നുമായിരുന്നു ഇളവ്.എന്നാല്‍ ഒരേ റേഷന്‍ കാര്‍ഡിലുള്ളവര്‍ ലൈഫ് പദ്ധതിപ്രകാരം മറ്റൊരു വീടിനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷകര്‍ വിവാഹം കഴിഞ്ഞവരാണെന്ന വ്യവസ്ഥയുണ്ടെന്നും സഹോദരിമാര്‍ക്ക് ഈ നിബന്ധന തടസമാകുമെന്നുമാണ് മലപ്പുറം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ വകുപ്പ് മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്.അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടിരുന്നു.

ലൈഫ് പദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടേണ്ടവരാണ് മൂന്ന് സഹോദരിമാരുമെന്ന തീരുമാനം പാസാക്കാന്‍ നാളെ നന്നമ്പ്ര പഞ്ചായത്ത് പ്രത്യക ഭരണസമിതിയോഗം ചേരുന്നുണ്ട്.ഈ തീരുമാനം ജില്ലാ ലൈഫ് മിഷനെ അറിയിക്കും.

നന്നമ്പ്ര പഞ്ചായത്തില്‍ നിന്നും ശുപാര്‍ശ ലഭിച്ചാല്‍ ലൈഫ് മിഷന്‍ സംസ്ഥാന തലത്തിലേക്ക് അയയ്ക്കുമെന്നും അവരാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുമെന്നുമാണ് മലപ്പുറം ജില്ലാ ലൈഫ് മിഷന്‍ ഓഫീസറുടെ മറുപടി.നന്നമ്പ്ര പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ 2020 തിലെ ഗുണഭേക്ത പട്ടികയില്‍ പത്താമതാണ് സഹോദരിമാരുടെ അപേക്ഷ

അനാഥരായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് ലൈഫ് വീട് നിഷേധിച്ച സംഭവം, തദ്ദേശമന്ത്രി റിപ്പോര്‍ട്ട് തേടി

click me!