ജില്ലയിലെ ലൈഫ് ചുമതലയുള്ള ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം: മലപ്പുറത്ത് അനാഥരായ പെണ്‍കുട്ടികള്‍ക്ക് ലൈഫ് വീട് നിഷേധിച്ച സംഭവത്തില്‍ തദ്ദേശമന്ത്രി റിപ്പോര്‍ട്ട് തേടി. ജില്ലയിലെ ലൈഫ് ചുമതലയുള്ള ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്ത് ഒരിഞ്ച് ഭൂമിയില്ലാത്ത പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അനാഥരായ മൂന്ന് പെണ്‍കുട്ടികള്‍ക്കാണ് ലൈഫ് മിഷന്‍ അധികൃതര്‍ വീട് നിഷേധിച്ചത്. ലൈഫ് പദ്ധതി ചട്ടപ്രകാരം അപേക്ഷകരെ കുടുംബമായി പരിഗണിക്കാനാകില്ല എന്ന തടസവാദമാണ് അധികൃതര്‍ ഉന്നയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ടവരാണ് ഈ സഹോദരിമാര്‍. മുത്തശ്ശിയും അമ്മാവനും കുടുംബവുമെല്ലാം ചേര്‍ന്ന് താമസിക്കുന്ന വീടാണ് ഏക ആശ്രയം. 

ഈ ദയനീയത കണ്ട് അയല്‍വാസി മൂന്ന് സെന്‍റ് സ്ഥലം ഇവര്‍ക്ക് എഴുതി നല്‍കി. ലൈഫ് പദ്ധതിക്ക് ആവശ്യമായ എല്ലാ രേഖകളും കുട്ടികള്‍ ശരിയാക്കി. രണ്ട് വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു. എഗ്രിമെന്‍റ് ഒപ്പിടുന്ന ഘട്ടത്തിലാണ് നന്നമ്പ്ര പഞ്ചായത്ത് തടസവാദം ഉന്നയിച്ചത്. വാർത്തയ്ക്ക് പിന്നാലെ പ്രശ്നം ചർച്ച ചെയ്യാൻ പഞ്ചായത്ത് പ്രത്യേക ഭരണസമിതി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. വീട് നൽകണമെന്ന പ്രമേയം പാസാക്കി ജില്ലാ ലൈഫ് മിഷന് നൽകും. പെൺകുട്ടികളുടെ ദയനീയാവസ്ഥ വകുപ്പ് മന്ത്രിയുടെയും കളക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് തിരൂരങ്ങാടി എംഎൽഎ കെപിഎ മജീദ് പ്രതികരിച്ചു.