സാങ്കേതിക സർവകലാശാല; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ആറ് മാസം കൂടി നീട്ടി, സ്ഥലയുടമകൾക്ക് ആശങ്ക

By Web TeamFirst Published Jan 23, 2022, 6:53 AM IST
Highlights

പണം എപ്പോൾ കൊടുക്കുമെന്ന കാര്യത്തിലുൾപ്പടെ അവ്യക്തത തുടരുകാണ്. ഈ മാസം കാലാവധി അവസാനിക്കുന്നതിനാലാണ് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ആറുമാസത്തേക്ക് കൂടി നീട്ടിയത്.


തിരുവനന്തപുരം: സാങ്കേതിക സർവകലാശാലക്ക് (Technological University)  ആസ്ഥാനമന്ദിരം നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ആറ് മാസം കൂടി നീട്ടിയെങ്കിലും നടപടികൾ വൈകുന്നതിൽ സ്ഥലയുടമകൾക്ക് ആശങ്ക. പണം എപ്പോൾ കൊടുക്കുമെന്ന കാര്യത്തിലുൾപ്പടെ അവ്യക്തത തുടരുകാണ്. ഈ മാസം കാലാവധി അവസാനിക്കുന്നതിനാലാണ് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ആറുമാസത്തേക്ക് കൂടി നീട്ടിയത്.

സാങ്കേതികസർവകലാശാലക്കുള്ള ആസ്ഥാനമന്ദിരത്തിന് വിളപ്പിൽശാലയിൽ (Vilappilsala) 100 എക്കർ സ്ഥലം ഏറ്റെടുക്കുന്നതിന്, ഒരു വർഷം മുൻപാണ് വിജ്ഞാപനം ഇറക്കിയത്. അടുത്തയാഴ്ച ഈ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്നതിനാലാണ് ആറുമാസത്തേക്ക് കൂടി നീട്ടിയത്. എന്നാൽ 50 ഏക്കർ ഭൂമി മാത്രം മതിയെന്ന നിലപാടിൽ നിന്ന് സാങ്കേതികസർവകലാശാല മാറിയിട്ടില്ല. ഇതിന് 106 കോടി രൂപ സർവകലാശാല നൽകിയിട്ടുണ്ട്. അപ്പോൾ ബാക്കി അമ്പത് ഏക്കർ എന്തിന് ഏറ്റെടുക്കുന്നു, ഏത് ഭാഗമാണ് 50 ഏക്കർ ഏറ്റെടുക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ അവ്യക്തത തുടരുകയാണ്.

ഏറ്റെടുത്ത ഭൂമിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപ് പണം നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സർവകലാശാല നൽകിയ പണം കൊണ്ട് 176 കുടുംബങ്ങൾക്ക് സ്ഥലത്തിന്റെ പണം നൽകാൻ കഴിയില്ല. പണം എവിടെ നിന്നെന്ന കാര്യത്തിലും വ്യക്തത വരുത്തിയിട്ടല്ല.

സാങ്കേതികസർവകലാശാല ഭൂമി പ്രശ്നം ഇപ്പോൾ മുഖ്യമന്ത്രിയുടെ ഉന്നതലതലസമിതിയാണ് പരിശോധിക്കുന്നത്. റവന്യമന്ത്രി ഉന്നതവിദ്യാഭ്യാസമന്ത്രി ധനമന്ത്രി വൈസ് ചാൻസിലർ എന്നിവർ അംഗങ്ങളായ സമിതി അടുത്തൊന്നും യോഗം ചേർന്നിട്ടില്ല. മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് മടങ്ങി വന്നശേഷമേ ഇനി യോഗം ചേരാൻ സധ്യതയുള്ളു. അതിനാൽ ഭൂമി ഏറ്റെടുക്കൽ പ്രശ്നത്തിൽ പരിഹാരം നീളുമെന്ന് ചുരുക്കം. 

click me!