
ഏതൻസ്: അന്താരാഷ്ട്ര തലത്തിൽ തരംഗമായ ഇസ്രയേലി സ്പൈ ത്രില്ലർ ടെഹ്‌റാൻ നിർമാതാവ് ഡാന ഏഡനെ ഗ്രീസിന്റെ തലസ്ഥാനമായ ഏതൻസിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇസ്രയേലി പൊതു പ്രക്ഷേപണ മാധ്യമമായ കാൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മരണത്തിന് പിന്നിൽ ഇറാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നെങ്കിലും, അത്തരം സാധ്യതകൾ നിർമാണ കമ്പനിയും ഗ്രീക്ക് പോലീസും തള്ളിക്കളഞ്ഞു.
ഡാന ഏഡന്റെ മരണത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയോ രാഷ്ട്രീയ താൽപ്പര്യങ്ങളോ ഉണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അവരുടെ നിർമാണ കമ്പനിയായ 'ഡോള ആൻഡ് ഷൂല' വ്യക്തമാക്കി. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചനയെന്നും ഗ്രീക്ക് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മരണകാരണം വ്യക്തമാക്കാൻ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിലെ ഒരു ഏജന്റ് ഇറാനിൽ നടത്തുന്ന ദൗത്യങ്ങളുടെ കഥ പറയുന്ന 'ടെഹ്‌റാൻ' സീരീസിന്റെ നാലാം സീസണിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അവർ ഗ്രീസിലെത്തിയത്. ഇസ്രയേലിന്റെ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ത്രില്ലറുകളിലൊന്നായി 'ടെഹ്‌റാൻ' മാറിയതിന് പിന്നിലെ പ്രധാന ചാലകശക്തിയായിരുന്നു ഡാന. 2020-ൽ പുറത്തിറങ്ങിയ ഈ സീരീസ് അന്താരാഷ്ട്ര എമ്മി അവാർഡ് കരസ്ഥമാക്കിയിരുന്നു. ആപ്പിൾ ടിവി പ്ലസിലൂടെ ലോകമെമ്പാടും ഇതിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചു. ഇസ്രയേലി വിനോദ വ്യവസായത്തിലെ പ്രമുഖർ ഡാനയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. സർഗ്ഗാത്മകതയും നേതൃപാടവവുമുള്ള ഒരു പ്രതിഭയെയാണ് നഷ്ടമായതെന്ന് കാൻ പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam