കൊവിഡ് ആശുപത്രികളില്‍ ഇനി ടെലി ഐസിയു സേവനം കൂടി; മാര്‍ഗരേഖ പുറത്തിറക്കി

Published : Oct 14, 2020, 05:13 PM ISTUpdated : Oct 14, 2020, 05:17 PM IST
കൊവിഡ് ആശുപത്രികളില്‍ ഇനി ടെലി ഐസിയു സേവനം കൂടി; മാര്‍ഗരേഖ പുറത്തിറക്കി

Synopsis

ആശുപത്രികളില്‍ നിലവിലുള്ള തീവ്ര പരിചരണ സംവിധാനങ്ങളുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതിയുടെ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കിയാണ് ടെലി ഐസിയു സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നത്. 

തിരുവനന്തപുരം: കൊവിഡ് ആശുപത്രികളിൽ വിദഗ്ധ ചികിത്സക്ക് ടെലി ഐസിയു സേവനം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇതുവഴി തീവ്ര പരിചരണം ആവശ്യമുള്ള രോഗികളെ വിദഗ്ധ ഡോക്ടർമാർ കാണുന്നു എന്ന്‌ ഉറപ്പാക്കും. എല്ലാ സ്പെഷ്യാലിറ്റികളും ഇല്ലാത്ത ആശുപത്രികൾക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണ് ഇതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയുടെ സേവനവും ഉറപ്പാക്കും. ടെലി ഐസിയു, ഇന്റന്‍സീവ് കെയര്‍ സേവനങ്ങളുടെ മാര്‍ഗരേഖ പുറത്തിറക്കി.

ആശുപത്രികളില്‍ നിലവിലുള്ള തീവ്ര പരിചരണ സംവിധാനങ്ങളുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതിയുടെ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കിയാണ് ടെലി ഐസിയു സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നത്. ടെലി ഐസിയു വഴി പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം 24 മണിക്കൂറും ലഭ്യമാകുന്നതാണ്. പ്രായമായവരിലും രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും അസുഖം വരാനുള്ള സാഹചര്യങ്ങള്‍ കൂടിയതോടെ തീവ്രപരിചരണം ലഭ്യമാകേണ്ടവരുടെ എണ്ണം കൂടാന്‍ സാധ്യതയുമുണ്ട്. നിലവില്‍ സംസ്ഥാനത്ത് ലഭ്യമായ തീവ്ര ചികിത്സാ സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനും കൂടിയാണ് സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ ഏത് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് എന്ന് പരിഗണിക്കാതെയാണ് ജില്ലയില്‍ ടെലി ഐസിയു വിദഗ്ധരുടെ സംഘം രൂപീകരിക്കുന്നത്. ക്രിറ്റിക്കല്‍ കെയര്‍, അനസ്‌തേഷോളജി, പള്‍മണോളജി എന്നിവയില്‍ ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളെയും ഈ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്‌പെഷ്യലിസ്റ്റുകളുടേയും സേവനവും സ്വീകരിക്കുന്നതാണ്. ജില്ലാതലത്തില്‍ ടെലി ഐസിയു കമാന്റ് സെന്റര്‍ സ്ഥാപിച്ച് 24 മണിക്കൂറും പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം ലഭ്യമാക്കും. എല്ലാ തീവ്രപരിചരണ രോഗികളേയും വിദഗ്ധ ഡോക്ടര്‍മാര്‍ കാണുന്നുവെന്ന് ഉറപ്പാക്കും. ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധരുടെ സേവനങ്ങളും ടെലി ഐസിയു സേവനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

തീവ്രപരിചരണം ആവശ്യമായ കൊവിഡ് രോഗികളെ പരിചരിക്കുന്ന ആശുപത്രികളില്‍ 24 മണിക്കൂറും ഒരു തീവ്രപരിചരണ വിദഗ്ധ ഡോക്ടറുടെ (ഇന്റന്‍സിവിസ്റ്റ്, ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ്) സേവനം ഉറപ്പാക്കും. സര്‍ക്കാര്‍ മേഖലയില്‍ തീവ്രപരിചരണ വിദഗ്ധരുടെ സേവനം ലഭ്യമല്ലാത്ത പക്ഷം ഡിസ്ട്രിക്ട് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതാണ്.

തീവ്രപരിചരണം ആവശ്യമായ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളില്‍ കേന്ദ്രീകൃത മോണിറ്ററുകള്‍, സിസിടിവികള്‍, അലാറം എന്നിവ സ്ഥാപിച്ച് ഒരു ടെലി ക്രിട്ടിക്കല്‍ കെയര്‍ മോണിറ്ററിംഗ് റൂം സ്ഥാപിക്കുന്നതാണ്. ഇത് തീവ്രപരിചരണ ഭാഗത്തുള്ള മോണിറററുമായി ബന്ധിപ്പിക്കും. ഐസിയുവിലുള്ള രോഗികളെ തുടര്‍ച്ചയായി മോണിറ്റര്‍ ചെയ്യുന്നതാണ്. അത്യാവശ്യ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി ക്രൈസിസ് ക്രാഷ് ടീം രൂപീകരിച്ച് അടിയന്തര സാഹചര്യങ്ങളില്‍ രോഗിക്ക് സേവനം ഉറപ്പാക്കും. തീവ്രപരിചരണ വിഭാഗത്തിലെ ജൂനിയര്‍ റസിഡന്റ്, മെഡിക്കല്‍ ഓഫീസര്‍ നഴ്‌സുമാര്‍ എന്നിവര്‍ക്ക് മികച്ച പരിശീലനം നല്‍കും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് എല്ലാ ജില്ലകളിലും ഒരു സമിതി രൂപീകരിക്കും.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സ്ഥാപന മെഡിക്കല്‍ ബോര്‍ഡുകള്‍ എന്നിവരാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. എല്ലാ ജില്ലകളിലും ടെലി ഐസിയു നോഡല്‍ ഓഫീസറും ഉണ്ടാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ
കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതി; ബിഎൽഒയ്ക്ക് നോട്ടീസ് അയച്ച് കോടതി, ജനുവരി 20ന് ഹാജരാകണം