
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ( പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ) താപനിലയിൽ വലിയ വ്യത്യാസമാണ് അനുഭവപ്പെട്ടത്. തലസ്ഥാനത്തടക്കം അസ്വാഭാവിക തണുപ്പായിരുന്നു. സോഷ്യൽ മീഡിയയിലടക്കം പലരും കേരളത്തിലെ ഈ തണുത്ത കാലാവസ്ഥ വിവരിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ പലർക്കും ഇതിന്‍റെ യഥാർത്ഥ കാരണം അറിയില്ലായിരുന്നു. ഇപ്പോഴിതാ കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം, തെക്കൻ കേരളത്തിൽ അനുഭവപ്പെട്ട അസ്വാഭാവിക തണുപ്പിന്‍റെ കാരണം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. 'ഡിറ്റ് വാ' ചുഴലിക്കാറ്റിന്‍റെ പ്രഭാവമാണ് കേരളത്തിൽ താപനിലയിൽ തെക്കൻ ജില്ലകളിൽ കാര്യമായ വ്യത്യാസമുണ്ടാക്കിയതെന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചത്. തെക്കൻ കേരളത്തിൽ എകദേശം 9 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിലുണ്ടായ വ്യതാസത്തിന് കാരണം 'ഡിറ്റ് വാ' ചുഴലിക്കാറ്റിന്‍റെ പ്രഭാവമാണെന്നും രാജീവൻ എരിക്കുളം വ്യക്തമാക്കി.
ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തമിഴ്നാട് തീരത്തിനു സമീപം ഡിറ്റ് വാ ചുഴലിക്കാറ്റ് നീങ്ങിയപ്പോൾ കേരളത്തിൽ താപനിലയിൽ തെക്കൻ ജില്ലകളിൽ കാര്യമായ വ്യത്യാസം. പകൽ താപനിലയിൽ ശനിയാഴ്ചയും ( നവംബർ 29 ) ഞായറാഴ്ചയും തമ്മിൽ പുനലൂരിൽ രേഖപെടുത്തിയത് 8.8°c. വ്യത്യാസം. തെക്കൻ ജില്ലകളിലാണ് കൂടുതൽ വ്യത്യാസം. തിരുവനന്തപുരം സിറ്റിയിൽ 5.2°c. ഇടുക്കി, പാലക്കാട്, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും 5°c മുതൽ 8 °c വരെ മാറ്റങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വടക്കൻ ജില്ലകളിൽ നേരെ തിരിച്ച് ഞായറാഴ്ച യായിരുന്നു പകൽ ചൂട് കുറവ്. കണ്ണൂർ എയർപോർട്ടിൽ ശനിയാഴ്ച യെക്കാൾ 1.2°c കുറവായിരുന്നു ഞായറാഴ്ച. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച, ശനിയാഴ്ച ദിവസത്തെ അപേക്ഷിച്ചു കുറവ് ചൂട് രേഖപെടുത്തി. ചുഴലിക്കാറ്റ് തെക്കൻ തമിഴ് നാട് തീരത്ത് നിന്നു വടക്കൻ തീരത്തേക്ക് മാറിയതാണ് കാരണം. അതിരാവിലെ അനുഭവപ്പെട്ട തണുപ്പിലും സംസ്ഥാനത്തു രണ്ട് ദിവസങ്ങളിൽ 4 °c വരെ വ്യത്യാസമാണുണ്ടായത്. തിരുവനന്തപുരം 3°c വ്യത്യാസമുണ്ടായെന്നും രാജീവൻ എരിക്കുളം ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam