കേരളം ചുട്ടുപൊള്ളുന്നു; താപനിലയിൽ മൂന്ന് ഡിഗ്രിയുടെ വർദ്ധന

By Web TeamFirst Published Feb 28, 2019, 2:24 PM IST
Highlights

സംസ്ഥാനത്ത് ചൂട് കൂടുന്നു. സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. രണ്ടുമാസത്തേക്ക് ഉച്ചയ്ക്ക് 12നും മൂന്നിനും ഇടയിൽ വെയിലത്ത് ജോലി ചെയ്യിപ്പിക്കുന്നത് ലേബർ കമ്മീഷണർ വിലക്കി. 

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്. രണ്ടുമാസത്തേക്ക് ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി.

വേനല്‍ക്കാലം എത്തും മുന്‍പേ ചുട്ടുപൊള്ളകയാണ് സംസ്ഥാനം. ഉയര്‍ന്ന താപനലയില്‍ ശരാശരി മൂന്ന് ഡിഗ്രിയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. 

ഈ സാഹചര്യത്തിലാണ് തൊഴില്‍ സമയം ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയത്. ഉച്ചക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. ജോലി സമയം രാവിലെ 7 മുതല്‍ രാത്രി 7മണിവരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി.

പൊരിവെയിലത്തെ ജോലി വിലക്കിയുള്ള ഉത്തരവ് നടപ്പിലാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള മേഖലകളെ ഉത്തരവിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏപ്രില്‍ 30നു ശേഷം വേനലിന്‍റെ കാഠിന്യം വിലയിരുത്തി ഉത്തരവ് പുനപരിശോധിക്കും. 

മഴ മാറി നില്‍ക്കുന്നതും വരണ്ട അന്തരീക്ഷവും കണക്കിലെടുക്കുമ്പോള്‍ വരും ദീവസങ്ങളില്‍ തപാനില കുറയാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍

click me!