
കൊല്ലം: കൊല്ലത്ത് പാടത്ത് പണിയെടുക്കുന്നതിനിടെ കര്‍ഷകൻ സൂര്യാഘാതമേറ്റ് മരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. താപനില ഉയരുന്ന സമയത്ത് ജോലി ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നുമാണ് നിര്‍ദേശം. മരിച്ച നെടുമ്പന സ്വദേശി രാജൻ നായരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.
കൃഷിപ്പണിക്കിടെയാണ് വയലിൽ ബോധരഹിതനായി കിടക്കുന്ന രാജനെ കണ്ടെത്തിയത്. ശരീരം മുഴുവൻ പൊള്ളലേറ്റ് ചുവന്ന നിലയിൽ ആയിരുന്നു. പിന്നാലെ ഇത് കറുത്തു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അരമണിക്കൂര്‍ മുമ്പേ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു. സൂരാഘാതമാണ് രാജന്‍റെ മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
കൊല്ലം ജില്ലയിൽ കനത്ത ചൂട് തുടരുകയാണ്. പുനലൂരിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നു. വരും ദിവസങ്ങളിൽ താപനില കൂടുതൽ ഉയരുമെന്നാണ് കണക്കാക്കുന്നത്. ആരോഗ്യ വകുപ്പ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യരുതെന്നാണ് നിര്‍ദേശം. അസ്വസ്ഥത ഉണ്ടാകുന്നെങ്കില്‍ ചികിത്സ തേടണം. ലേബര്‍ കമ്മീഷണര്‍മാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക സ്ക്വാഡ് ജില്ലയുടെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തണമെന്നും കളക്ടര്‍ ഉത്തരവിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam