
തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാർഷികത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ നോട്ടീസ് വിവാദത്തെ തുടർന്ന് പിൻവലിച്ചു. വിവാദം ഉയർന്നതിനെ തുടർന്നാണ് നോട്ടീസ് പിൻവലിക്കാൻ ദേവസ്വം പ്രസിഡന്റ് നിർദ്ദേശം നൽകിയത്. ഉള്ളടക്കത്തിലുണ്ടായ പിഴവ് ദേവസ്വം സെക്രട്ടറി അന്വേഷിക്കും. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശന വിളംബരത്തിനായി നടന്ന പോരാട്ടത്തെ വിസ്മരിക്കുന്നുവെന്ന വിമർശനമാണ് ഉയർന്നത്. മനസ്സിൽ അടിഞ്ഞ ജാതി ചിന്ത പെട്ടെന്ന് പോവില്ലെന്ന് പറഞ്ഞ് നോട്ടീസിനെ ദേവസ്വം മന്ത്രിയും തള്ളി.
ദേവസ്വം ബോർഡ് തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87 ആം വാർഷികപരിപാടിയുടെ നോട്ടീസിനെ ചൊല്ലിയാണ് വിവാദം. അടിമുടി രാജഭക്തി വെളിവാക്കുന്ന ബോർഡിന്റെ നോട്ടീസിൽ പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ എന്നും ക്ഷേത്രപ്രവേശനത്തിന് കാരണം രാജാവിന്റെ കരുണയാണെന്ന് വരെ തോന്നിപ്പിക്കുന്നുവെന്നാണ് വിമർശനം. ഇടത് സർക്കാറിന്റെ കീഴിലെ ഇടത് നേതാവുകൂടി പ്രസിഡണ്ടായ ബോർഡ് ഇത്തരമൊരു നോട്ടീസ് ഇറക്കരുതായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വിമർശനമുയർന്നു. ഒടുവിൽ പരിപാടിയിലെ ഉദ്ഘാടകൻ കൂടിയായ ദേവസ്വം ബോർഡ് പ്രസിഡണ്ട് നോട്ടീസ് പിൻവലിക്കാൻ നിർദ്ദേശം നൽകി.
പ്രയോഗങ്ങളിൽ ചില പിഴവുണ്ടായെന്ന് നോട്ടീസ് തയ്യാറാക്കിയ ദേവസ്വം ബോർഡിന് കീഴിലെ സാംസ്ക്കാരിക പുരാവസ്തു ഡയറക്ടർ ബി മധുസൂദനൻ നായർ സമ്മതിച്ചിരുന്നു. പക്ഷെ ബോർഡിലെ ഉദ്യോഗസ്ഥർക്ക് നൽകാൻ മാത്രം ഇറക്കിയതാണെന്നും ഡയറക്ടർ വിശദീകരിച്ചിരുന്നു. നോട്ടീസ് ഇറക്കിയതിനെ കുറിച്ച് പരിശോധിക്കാനാണ് ബോർഡ് തീരുമാനം.
'രാജഭരണത്തെ ഓർമിപ്പിക്കുന്നെന്ന് വിമര്‍ശനം'; ക്ഷേത്ര പ്രവേശന വിളംബര വാർഷിക നോട്ടീസ് വിവാദത്തിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam