'രാജഭരണത്തെ ഓർമിപ്പിക്കുന്നെന്ന് വിമര്‍ശനം'; ക്ഷേത്ര പ്രവേശന വിളംബര വാർഷിക നോട്ടീസ് വിവാദത്തിൽ

Published : Nov 11, 2023, 01:49 PM ISTUpdated : Nov 11, 2023, 02:50 PM IST
'രാജഭരണത്തെ ഓർമിപ്പിക്കുന്നെന്ന് വിമര്‍ശനം'; ക്ഷേത്ര പ്രവേശന വിളംബര വാർഷിക നോട്ടീസ് വിവാദത്തിൽ

Synopsis

ദേവസ്വം ബോർഡ് തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തിൻറെ 87ാം വാർഷിക പരിപാടിയുടെ നോട്ടീസാണ് വിവാദത്തിൽ. 

തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാർഷികത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ നോട്ടീസിനെ ചൊല്ലി വിവാദം.  രാജകുടുംബത്തെ വാഴ്ത്തുന്ന നോട്ടീസ് നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടത്തെ വിസ്മരിക്കുന്നുവെന്നുമാണ് വിമർശനം. പിശക് പറ്റിയെന്ന് നോട്ടീസ് തയ്യാറാക്കിയ ദേവസ്വം സാംസ്ക്കാരിക വിഭാഗം ഡയറക്ടർ സമ്മതിക്കുമ്പോൾ നോട്ടീസ് പിൻവലിക്കണമെന്നാണ് ഇടത് അനുഭവികളടക്കം ആവശ്യപ്പെടുന്നത്.

ദേവസ്വം ബോർഡ് തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തിൻറെ 87ാം വാർഷിക പരിപാടിയുടെ നോട്ടീസാണ് വിവാദത്തിൽ. അടിമുടി രാജഭക്തിയാണ് ബോർഡിന്റെ നോട്ടീസിൽ, രാജകുടുംബത്തോടുള്ള അമിതബഹുമാനം പ്രകടം, പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ എന്നും, ക്ഷേത്രപ്രവേശനത്തിന് കാരണം തന്നെ രാജാവിന്റെ കരുണയാണെന്ന് വരെ തോന്നിപ്പിക്കുന്നുവെന്നാണ് കടുത്ത വിമർശനം. 

ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. അനന്തഗോപനാണ് ഉദ്ഘാടനം. ഇടത് സർക്കാറിന്റെ കീഴിലെ ഇടത് നേതാവു കൂടി പ്രസിഡണ്ടായ ബോ‍ർഡ് ഇത്തരമൊരു നോട്ടീസ് ഇറക്കരുതായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വിമർശനം ഉയരുന്നത്. നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തിനായി നടന്ന ഐതിഹാസിക പോരാട്ടത്തെ വിസ്മരിച്ചെന്നും കുറ്റപ്പെടുത്തലുണ്ട്.

പ്രയോഗങ്ങളിൽ ചില പിഴവുണ്ടായെന്നും വിവാദമാക്കേണ്ടെന്നും നോട്ടീസ് തയ്യാറാക്കിയ ദേവസ്വം ബോർഡിന് കീഴിലെ സാംസ്ക്കാരിക പുരാവസ്തു ഡയറക്ടർ ബി മധുസൂദനൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നോട്ടീസിൽ ദേവസ്വം മന്ത്രിക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വിവാദം മുറുകുന്ന സാഹചര്യത്തിൽ നോട്ടീസ് പിൻവലിച്ച് പുതുക്കിയിറക്കാനും സാധ്യതയുണ്ട്. 

ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക നോട്ടീസ്

 

PREV
click me!

Recommended Stories

പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്
പോളിംഗ് ബൂത്തിൽ വച്ച് വോട്ടർ കുഴഞ്ഞു വീണു മരിച്ചു; ദാരുണ സംഭവം കൊച്ചി കാലടിയിൽ