
തിരുവനന്തപുരം: കോവളത്ത് ഇരു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൻ രണ്ടു പേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംഭവത്തിലെ മൂന്നാം പ്രതി വെങ്ങാനൂർ സ്വദേശി സച്ചിൻ(30) നെയാണ് കോവളം പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിലെ മറ്റ് പ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്നും ഇതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചതായും കോവളം പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണയ്ക്ക് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. വ്യാഴാഴ്ച കോവളം കുഴിവിള ക്ഷേത്രോത്സവത്തിനിടെ നടന്ന സംഭവത്തിൽ വെങ്ങാനൂർ നീലകേശി പണ്ടാര വിളാകം ഉത്രാടം ഹൗസിൽ നവീൻരാജ്(32), സുഹൃത്തുക്കളായ വിഷ്ണുദേവ്(30) എന്നിവർക്കാണ് വെട്ടേറ്റത്.
നവീൻരാജിന്‍റെ ഇടത് കൈ കുഴയുടെ ഞരമ്പ് മുറിയുകയും കൈക്ക് ഒടിവ് പറ്റുകയും ചെയ്തു. വിഷ്ണുദേവിന് വയറിൽ മുറിവേറ്റു. കരിങ്കാളി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് പരിപാടി കാണുന്നതിന് വന്നവർ തമ്മിലാണ് വാക്കേറ്റവും അടിപിടിയും ഉണ്ടായത്. സംഭവത്തിൽ കോവളത്ത് കേരള കഫേ എന്ന ഹോട്ടൽ നടത്തുന്ന ഉണ്ണി, സുഹൃത്തുക്കളായ പ്രണവ്, സച്ചിൻ, വിപിൻ രാജ് എന്നിവർക്കെതിരെയാണ് കോവളം പൊലീസ് കേസെടുത്തത്. വെട്ടേറ്റവരുടെ സുഹൃത്തായ അരുൺ ചന്ദ്രനും രണ്ടാം പ്രതി പ്രണവും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു. പിന്നാലെ മർദനത്തിലേക്കെത്തുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ഇരുവർക്കും വെട്ടേറ്റത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam