പറഞ്ഞത് 42000, കിട്ടുന്നത് 27000; സാലറി കട്ടിൽ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി താൽക്കാലിക മെഡിക്കൽ ഓഫീസർമാര്‍

By Web TeamFirst Published Aug 28, 2020, 11:44 AM IST
Highlights

വാഗ്ദാനം ചെയ്ത ശമ്പളം നൽകാതെ 6 ദിവസത്തെ ശമ്പളം കുറച്ചു നൽകുന്നത് തുടർന്നാൽ രാജിവെക്കുമെന്ന മുന്നറിയിപ്പുമായി താൽക്കാലിക മെഡിക്കൽ ഓഫീസര്‍മാര്‍ രംഗത്തെത്തി.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് നിയോഗിക്കപ്പെട്ട താൽക്കാലിക മെഡിക്കൽ ഓഫീസർമാരടക്കമുള്ളവരുടെയും ശമ്പളം സർക്കാർ സാലറി കട്ടിന്‍റെ ഭാഗമായി പിടിക്കുന്നതിനെതിരെ പ്രതിഷേധം. വാഗ്ദാനം ചെയ്ത ശമ്പളം നൽകാതെ 6 ദിവസത്തെ ശമ്പളം കുറച്ചു നൽകുന്നത് തുടർന്നാൽ രാജിവെക്കുമെന്ന മുന്നറിയിപ്പുമായി താൽക്കാലിക മെഡിക്കൽ ഓഫീസര്‍മാര്‍ രംഗത്തെത്തി.

സർക്കാരിന്റെത് വാഗ്ദാന ലംഘനമാണെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡോക്ടർമാർ പരാതി നൽകിയിട്ടുണ്ട്.  42,000 രൂപ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്തിരിക്കെ സാലറി കട്ടും നികുതിയും കഴിച്ച് 27000 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ സാലറി കട്ടിനെതിരെ ഇതിനോടകം തന്നെ തന്നെ കോടതിയെ സമീപിച്ചിരിക്കുകയാണ്.

മറ്റ് സർക്കാർ വകുപ്പുകൾ പലതും പൂർണമായി പ്രവർത്തിക്കുന്നു പോലുമില്ലെന്നിരിക്കെ, മുഴുവൻ സമയവും കൊവിഡ് പ്രതിരോധത്തിൽ മുഴുകിയ ആരോഗ്യപ്രവർത്തകർക്ക് മുഴുവൻ ശമ്പളം നൽകാതിരിക്കുന്നത് സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് പ്രതിരോധത്തിന്  താൽക്കാലികമായി നിയമിച്ച മറ്റു വിഭാഗത്തിലുള്ളവർക്കും ശമ്പള വർധനവ് പൂർണമായി നടപ്പാകാത്തതിലും ശമ്പളം പിടിക്കുന്നതിലും അമർഷമുണ്ട്.

 

click me!