
ഇടുക്കി: നാൽപ്പത്തിയഞ്ച് പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം നടന്ന് ഇന്നേക്ക് ഒരു പതിറ്റാണ്ട് തികയുന്നു. വർഷമിത്ര കഴിഞ്ഞിട്ടും രാജ്യത്തെ തന്നെ നടുക്കിയ ദുരന്തത്തിന് ഇടയാക്കിയ മുഴുവൻ പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ പോലും ക്രൈംബ്രാഞ്ചിനായിട്ടില്ല. 2009 സെപ്തംബർ 30ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് വച്ച് കെടിഡിസിയുടെ ജലകന്യകയെന്ന ബോട്ട് മുങ്ങിയത്. ഏഴ് കുട്ടികളും 23 സ്ത്രീകളുമുൾപ്പടെ 45 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്.
അപകടകാരണം കണ്ടെത്താൻ സർക്കാർ ജുഡീഷ്യൽ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചു. ഉൾകൊള്ളാവുന്നതിലധികം സഞ്ചാരികളെ കയറ്റിയതും, ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതും ,ബോട്ടിന്‍റെ അശാസ്ത്രീയ നിർമ്മാണവും തുടങ്ങി അപകടകാരണങ്ങളായി പലതാണ് വിവിധ അന്വേഷണസംഘങ്ങൾ കണ്ടെത്തിയത്. ബോട്ടിന്‍റെ ടെണ്ടർ വിളിച്ചത് മുതൽ നീറ്റിലിറക്കിയത് വരെയുള്ള 22 വീഴ്ചകൾ അടങ്ങിയ റിപ്പോർട്ട് കമ്മീഷന്‍ നൽകിയെങ്കിലും അതിന്മേൽ ഇതുവരെ സർക്കാർ നടപടിയുണ്ടായിട്ടില്ല.
ക്രൈംബ്രാഞ്ച് ആദ്യം നൽകിയ കുറ്റപത്രം തള്ളിയ കോടതി, പ്രത്യേകം കുറ്റപത്രം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അഞ്ച് വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ മാസമാണ് ഇതിൽ ആദ്യ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിനായത്. ഡ്രൈവർ, ബോട്ടിന്‍റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ, ടിക്കറ്റ് നൽകിയവർ എന്നിവരാണ് ആദ്യ ചാർജ് ഷീറ്റിലുള്ളത്. ബോട്ട് നിർമ്മിച്ചവരും , നീറ്റിലിറക്കാൻ അനുമതി നൽകിയവരുമുൾപ്പെടുന്ന രണ്ടാം കുറ്റപത്രം ഉടൻ നൽകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പി സാബുമാത്യു പറയുന്നത്. എന്നാൽ വലിയ അഴിമതിയുടെ ഭാഗമായുണ്ടായ അപകടത്തിലെ കുറ്റക്കാരെ സംരക്ഷിക്കാനാണ് അന്വേഷണം വലിച്ചുനീട്ടുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam