തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംതരത്തിലെയും പ്ലസ്ടുവിലെയും ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് ഡിസംബർ 17 മുതൽ സ്കൂളിലെത്താൻ പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ നിർദേശം. 50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിൽ ഡിസംബർ 17 മുതൽ സ്കൂളുകളിൽ ഹാജരാകണമെന്നാണ് സർക്കുലർ. പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകൾ എന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ജനുവരി 15-ന് പത്താംതരം ക്ലാസ്സുകളുടെയും ജനുവരി 30-ന് പ്ലസ്ടു ക്ലാസ്സുകളുടെയും ഡിജിറ്റൽ ക്ലാസ്സുകൾ പൂർത്തീകരിക്കുവാൻ ക്രമീകരണം ഉണ്ടാക്കും. തുടർന്ന് കുട്ടികൾക്ക് സ്കൂളിലെത്താൻ സാഹചര്യമുണ്ടാകുമ്പോൾ, പ്രാക്ടിക്കൽ ക്ലാസ്സുകളും ഡിജിറ്റൽ പഠനത്തെ ആസ്പദമാക്കി റിവിഷൻ ക്ലാസ്സുകളും നടത്തും.
കൈറ്റും എസ്‍സിഇആർടിയും നൽകുന്ന പഠനറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 1 മുതൽ 12 വരെയുള്ള ഡിജിറ്റൽ ക്ലാസ്സുകൾ ക്രമീകരിക്കും. എല്ലാ വിഷയങ്ങളുടെയും ഡിജിറ്റൽ ക്ലാസ്സുകൾ സമയബന്ധിതമായി പൂർത്തീകരിച്ച് പൊതുപരീക്ഷയ്ക്ക് തയ്യാറാകുവാൻ ക്രമീകരണങ്ങൾ നടത്തും.
പൊതുവിദ്യാഭ്യാസെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവരുമായി മന്ത്രി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ അൺലോക്ക് മാനദണ്ഡങ്ങളിൽ പറയുന്നതെങ്കിലും, കൊവിഡ് രോഗബാധ നിയന്ത്രണവിധേയമാകുമ്പോൾ മാത്രമേ സ്കൂളുകൾ തുറക്കേണ്ടതുള്ളൂ എന്നാണ് സംസ്ഥാനസർക്കാരിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam