സ്ഥാനാർത്ഥിക്ക് താഴെ അപരൻ്റെ പേര്, താമരയ്ക്കൊപ്പം റോസ്: പ്രതിഷേധവുമായി ബിജെപി

By Web TeamFirst Published Nov 25, 2020, 1:32 PM IST
Highlights

വോട്ടിംഗ് മെഷീനിൽ ബിജെപി സ്ഥാനാർത്ഥികളുടെ തൊട്ട് താഴെയോ മുകളിലോ ആണ് അവരുടെ അപരൻമാരുടെ പേരുള്ളത്. ഇവർക്കെല്ലാം താമരയോട് സാമ്യം തോന്നുന്ന റോസാപ്പൂ ചിഹ്നവും ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ബിജെപി സ്ഥാനാർത്ഥികൾക്കൊപ്പം അതേ പേരുള്ള അപരന്മാർക്ക് സ്ഥാനവും താമരയോട് സാമ്യമുള്ള റോസപ്പൂ ചിഹ്നവും നൽകിയതിൽ സമരവുമായി ബിജെപി സ്ഥാനാർഥികൾ. 

12 ഡിവിഷനുകളിൽ ആണ് ഇത്തരത്തിൽ ഒരേ പേരുകാർക്ക് അടുത്തടുത്ത് സ്ഥനാവും ചിഹ്നവും നൽകിയത്. ഇത് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഇലക്ഷൻ കമ്മീഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. ബിജെപിയെ തോൽപിക്കാൻ ഉള്ള ശ്രമം ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് പറഞ്ഞു. 

തദ്ദേശതെരഞ്ഞെടുപ്പിൽ അട്ടിമറി നീക്കം നടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളുടെ അപരൻമാർക്കെല്ലാം താമര ചിഹ്നത്തോട് സാമ്യമുള്ള ചിഹ്നം നൽകുന്നുണ്ട്. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഈ അട്ടിമറി നീക്കം നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

click me!