ലഹരി ഉപയോഗത്തിന് ശേഷം സ്ത്രീപീഡനം അടക്കം വർധിക്കുന്നു, സംഘങ്ങൾക്ക് പ്രാദേശിക പിന്തുണയെന്നും വിഡി സതീശൻ

By Web TeamFirst Published Dec 9, 2022, 10:57 AM IST
Highlights

ആറ് വർഷം മുമ്പ് മറ്റൊരു സ്ത്രീ ആരോപണം ഉയർത്തിയിട്ടും ആ നേതാവിന് സംഘടനാ തലത്തിൽ പ്രമോഷൻ നൽകി ഡിവൈഎഫ്ഐയുടെ മേഖല പ്രസിഡന്റാക്കിയെന്നും വിഡി സതീശൻ പറഞ്ഞു

തിരുവനന്തപുരം:  ലഹരിക്കെതിരായ സംസ്ഥാന സർക്കാറിന്റെ പോരാട്ടങ്ങൾക്ക് നിയമ സഭയ്ക്ക് അകത്തും പുറത്തും ഉള്ള പിന്തുണ തുടരും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലഹരി ഉപയോഗത്തിനു ശേഷമുള്ള സ്ത്രീപീഡനം അടക്കമുള്ള അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളാണ് വീണ്ടും അടിയന്തര പ്രമേയം കൊണ്ടുവരാൻ കാരണമെന്നും വിഡി സതീശൻ പറഞ്ഞു.

സംസ്ഥാനത്ത് ലഹരി മരുന്നുകളുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അഴിയൂർ സംഭവം ഉദാഹരിച്ച പ്രതിപക്ഷ നേതാവ് കൈയ്യും കാലും വിറച്ചുപോകുന്ന സംഭവമാണിതെന്നും പറഞ്ഞു. അഴിയൂർ സംഭവത്തിൽ മൊഴി എടുക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ പ്രതികൾ ആണ് സ്റ്റേഷൻ പരിസരത്തുണ്ടായിരുന്നത്. പോക്സോ ലഹരി കേസ് എടുക്കാൻ പൊലീസ് മടിക്കുന്ന സാഹചര്യമുണ്ടായി.

ലഹരി സംഘങ്ങൾക്ക് പ്രാദേശിക പിന്തുണ ലഭിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മലയിൻകീഴ് സംഭവത്തിലെ പ്രതികളുടെ മൊബൈലിൽ 30 സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. മലയിൻകീഴ് സംഭവത്തിലെ പ്രതിക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടി. നേരത്തെ പരാതി കിട്ടിയിട്ടും സംഘടന നടപടി എടുത്തില്ല. ആറ് വർഷം മുമ്പ് മറ്റൊരു സ്ത്രീ ആരോപണം ഉയർത്തിയിട്ടും ആ നേതാവിന് സംഘടനാ തലത്തിൽ പ്രമോഷൻ നൽകി ഡിവൈഎഫ്ഐയുടെ മേഖല പ്രസിഡന്റാക്കിയെന്നും വിഡി സതീശൻ പറഞ്ഞു.

click me!