ഭീകരബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശിക്കെതിരായ അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു

By Web TeamFirst Published Aug 27, 2019, 12:41 AM IST
Highlights

ഭീകരബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ മതിലകം സ്വദേശി അബ്ദുൽ ഖാദർ റഹീമിനെതിരായ അന്വേഷണം തൽക്കാലം അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചു.

കൊച്ചി: ഭീകരബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ മതിലകം സ്വദേശി അബ്ദുൽ ഖാദർ റഹീമിനെതിരായ അന്വേഷണം തൽക്കാലം അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. അതേസമയം റഹീം നൽകിയ മൊഴികൾ പരിശോധിക്കുന്നതിനായി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തിച്ച് റഹീമിനെ വീണ്ടും ചോദ്യം ചെയ്തു.

ഇന്നലെ വിവിധ അന്വേഷണ ഏജൻസികൾ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ഖാദർ റഹീമിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും തീവ്രവാദ ബന്ധം തെളിയിക്കാനുള്ള വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്നായിരുന്നു വിട്ടയച്ചത്. 

എന്നാൽ റഹീമിനെ രാത്രി പോലീസ് കസ്റ്റഡിയിൽ കൊച്ചിയിലെ സ്വകാര്യ ലോഡ്ജിൽ താമസിപ്പിച്ചു. ഇന്നലെ തീവ്രവാദ ബന്ധം സംശയിച്ച് തമിഴ്നാട് പോലീസ് പിടികൂടിയ മതിലകം സ്വദേശി സിദ്ദീഖുമായുള്ള റഹീമിന്‍റെ ബന്ധമാണ് വീണ്ടും ചോദ്യം ചെയ്യാൻ കാരണമെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് റഹീം സിദ്ദീഖുമായി സംസാരിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. 

സിദ്ദീഖിനെ ബഹ്റൈനിൽ വച്ച് അറിയാമെന്നും മറ്റൊരു ബന്ധവുമില്ലെന്നായിരുന്നു റഹീം പൊലീസിനോട് പറഞ്ഞിരുന്നത്. എറണാകുളം സിജെഎം കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് അബ്ദുൽ ഖാദർ റഹീമിനെ രണ്ട് ദിവസം മുന്പ് കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിൽ എടുത്തത്. 

പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. വിദേശത്തെ ഭീകരസംഘടനകളുമായി റഹീം അടുപ്പം പുലർത്തുന്നതായുള്ള വിവരമാണു പൊലീസിനു ലഭിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ ഇതുസംബന്ധിച്ച തെളിവുകൾ ഇതുവരെയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണു റഹീമിനെതിരായ അന്വേഷണം തത്കാലം അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. 

click me!