
കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന് നിപ ബാധയുണ്ടോയെന്നറിയാനായി നടത്തിയ പരിശോധനയുടെ ഫലം ഇന്ന് പുറത്തുവരും. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധനകൾ നടക്കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി രോഗിക്ക് കടുത്ത പനിയുണ്ട്.
വൈറസ് ഏതെന്ന് സ്വകാര്യ ആശുപത്രിയിൽ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചത്. രോഗിക്ക് നിപാ ബാധ സ്ഥിരീകരിച്ചു എന്ന വ്യാജപ്രചാരണത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്തെത്തിയിരുന്നു. അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് എറണാകുളം ജില്ലാ ഭരണകൂടവും അഭ്യർത്ഥിച്ചിട്ടുണ്ട്.
രോഗബാധ ഇല്ലാതിരിക്കാൻ കൃത്യമായ മുൻകരുതലുകൾ എടുത്തതാണ്. ഇനി ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകൾ കഴിഞ്ഞ തവണ ഓസ്ട്രേലിയയിൽ നിന്നെത്തിച്ചത് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാൻ സംസ്ഥാനം സുസജ്ജമാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.
എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പനിയുടെ ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഒരാൾക്ക് നിപ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടു എന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam