
തലശ്ശേരി: തലശ്ശേരി ദേശീയപാത ബൈപ്പാസിലെ പാലം തകർന്നത് ശ്രദ്ധക്കുറവ് മൂലമെന്ന് റിപ്പോർട്ട്. കോൺക്രീറ്റ് സ്ളാബിന് നൽകിയിരുന്ന താങ്ങ് ഇളകിയതാണ് അപകടത്തിന് കാരണമായത്. പുനർനിർമാണം കോൺട്രാക്ടറുടെ ചെലവിൽ തന്നെ നടത്തണം. സർക്കാരിന് ഇതുമൂലം നഷ്ടമില്ലെന്നും ദേശീയ പാത അതോറിറ്റിക്ക് പ്രൊജക്ട് ഡയറക്ടറുടെ റിപ്പോർട്ട്.
നിർമ്മാണത്തിലിരിക്കുന്ന തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തിന്റെ കൂറ്റൻ ഭീമുകൾ ഇന്നലെയാണ് തകർന്നുവീണത്. പുഴയ്ക്ക് കുറുകെ നിട്ടൂരിൽ നിർമ്മിക്കുന്ന പാലത്തിന്റെ നാല് ബീമുകളാണ് നിലംപൊത്തിയത്. അപകടത്തെക്കുറിച്ച് ദേശീയപാത അതോറിറ്റിയോട് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് തേടിയിരുന്നു.
തലശ്ശേരിയിലേയും മാഹിയിലേയും ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിക്കുന്ന ബൈപ്പാസിന്റെ അവസാന ഘട്ടത്തിലാണ് അപകടം സംഭവിച്ചത്. നെട്ടൂരിലെ പാലത്തിന്റെ നിർമ്മാണത്തിനിടെ ഭീമുകളിൽ ഒന്ന് ചെരിഞ്ഞപ്പോൾ പരസ്പരം ഘടിപ്പിക്കാത്തതിനാൽ ബാക്കിയുള്ളവയും പുഴയിലേക്ക് പതിക്കുകയായിരുന്നു. ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് നിർമ്മാതാക്കൾ.
കണ്ണൂരിലെ മുഴപ്പിലങ്ങാട് നിന്നാരംഭിക്കുന്ന ബൈപ്പാസ് ധർമ്മടം എരിഞ്ഞോളി കോടിയേരി ചൊക്ലി വഴി കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ അവസാനിക്കും. 18 കിലോമീറ്റർ ദൂരത്തിൽ 45 മീറ്റർ വീതിയിൽ നാലുവരിപ്പാതയായി നിർമ്മിക്കുന്ന ബൈപ്പാസിന്റെ നിർമ്മാണച്ചെലവ് 1000കോടിക്ക് മുകളിലാണ്. അടുത്ത വർഷം മെയ് മാസം കമ്മീഷൻ ചെയ്യാമെന്ന പ്രതീക്ഷയിൽ പണി പുരോഗമിക്കുമ്പോഴാണ് ഈ സംഭവം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam