
കണ്ണൂര്‍: മണിപ്പൂർ സംഘർഷം ആസൂത്രിതമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കലാപം ക്രൈസ്ത ദേവാലയം ലക്ഷ്യമിട്ടാണ് എന്ന് ആരോപിച്ച ജോസഫ് പാംപ്ലാനി ഭരണ ഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് രാജ്യം ഭരിക്കുന്ന ആളുകളാണെന്നും കൂട്ടിച്ചേര്‍ത്തു. അതിൽ ഗുരുതര വീഴ്ച ഉണ്ടായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി ഏത് കാര്യത്തിൽ പ്രതികരിക്കണം എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. എന്നാല്‍, ഇന്ത്യയിൽ വിവേചനം ഇല്ലെന്നാണ് അമേരിക്കയിൽ പോയപ്പോൾ അദ്ദേഹം പറഞ്ഞത്. അത് മണിപ്പൂരിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ നോക്കി പറയണമെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു. എന്നാൽ മാത്രമേ അതിൽ ആത്മാർത്ഥത ഉണ്ടാവുകയുള്ളൂ. പ്രധാനമന്ത്രി മിണ്ടാത്തത് അല്ല പ്രശ്നം. മണിപ്പൂർ കത്തി എരിയുമ്പോൾ ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണെന്നും ജോസഫ് പാംപ്ലാനി കുറ്റപ്പെടുത്തി. റബർ വിലയും ഇതും തമ്മിൽ ബന്ധമില്ലെന്നും ഞങ്ങൾ ആരുടെയും ഔദാര്യം ചോദിച്ചത് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കി ഉയർത്തിയാൽ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കുമെന്ന ജോസഫ് പാംബ്ലാനിയുടെ പ്രഖ്യാപനം നേരത്തെ വിവാദമായിരുന്നു. കേരളത്തിൽ നിന്നും ബിജെപിയ്ക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ആരോടും അയിത്തമില്ലെന്നും ബിഷപ്പ് ആവർത്തിച്ചിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പരാമര്‍ശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam