
കണ്ണൂർ : തലശ്ശേരി വ്യാപാരി വെൽഫയർ സഹകരണ സംഘത്തിലെ കോടികളുടെ ക്രമക്കേടിൽ നിർണായകമായ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്രമക്കേടിന് പിന്നിൽ സഹകരണ സംഘത്തിലെ സെക്രട്ടറി ജോജിഷ് മാത്രമല്ലെന്നും തട്ടിപ്പിന് പിന്നിൽ ചില ഭരണ സമിതി അംഗങ്ങൾക്കും പങ്കുണ്ടെന്നുമാണ് പണം നഷ്ടമായ മുഴുപ്പിലങ്ങാട് സ്വദേശി അനുകൂൽ ആരോപിക്കുന്നത്. ഭരണ സമിതി അംഗങ്ങളുടെ ബിസിനസ്സിന് പണം കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് സെക്രട്ടറി മുമ്പ് പറഞ്ഞിട്ടുണ്ടെന്നും അനുകുൽ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
'37 ലക്ഷം രൂപ തനിക്ക് മാത്രം നഷ്ടമായി. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് 37 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചത്. ബന്ധുക്കളുടെ മാത്രം ഒരു കോടി രൂപയോളം നഷ്ടമായി. ഇപ്പോൾ ഭരണ സമിതി കൈ കഴുകുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അനുകൂൽ ആവശ്യപ്പെട്ടു.
കോടികളുടെ തട്ടിപ്പ് നടന്ന തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം കേസിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഘം ഭരണാസമിതി രണ്ടാം പ്രതിയാണ്. നിക്ഷേപിച്ച പണം തിരിച്ചെടുക്കാന്‍ ചിലര്‍ ഓഫീസിലെത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന കാര്യം പുറത്ത് വന്നത്. പണം തിരികെ കിട്ടാത്തതിനെത്തുടര്‍ന്ന് ഇവര്‍ ഭരണ സമിതി അംഗങ്ങളോട് വിവരം പറഞ്ഞു. സെക്രട്ടറി സ്വന്തം നിലയില്‍ നിക്ഷേപം സ്വീകരിച്ച് വെട്ടിപ്പ് നടത്തിയെന്നായിരുന്നു മറുപടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam