K Sudhakaran : ഭരണം ആരു പിടിക്കും? തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ് ഇന്ന്

By Web TeamFirst Published Dec 5, 2021, 6:06 AM IST
Highlights

മമ്പറം ദിവാകരൻ കഴിഞ്ഞ 25 കൊല്ലമായി ഭരിക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ കടിഞ്ഞാണ്‍ പിടിക്കാൻ കെ സുധാകരൻ നടത്തുന്ന നീക്കം എളുപ്പം വിജയിക്കാനിടയില്ല.

കണ്ണൂർ:  തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി (indira gandhi hospital)തെരഞ്ഞെടുപ്പ്(election) ഇന്ന് നടക്കും. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ തുടർച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ ശാലയാണിത്. മുപ്പത് കൊല്ലമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരൻ മുൻകൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്. 

അയ്യായിരത്തി ഇരുന്നൂറ് വോട്ടർമാരുള്ള സംഘത്തിൽ ഡയറക്ടർമാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിക്കുന്നത്. ഗുണ്ടകളെയിറക്കി കെ സുധാകരൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടർന്ന് കർശന പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ രാവിലെ പത്തുമണിമുതൽ വൈകിട്ട് നാലുവരെ വോട്ടിംഗ് നടക്കുക. ഇരുന്നൂറോളം വോട്ടർമാരുള്ള സിപിഎം ഇതുവരെ ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

പാർട്ടി അച്ചടക്കം ലംഘിച്ചതിന് മമ്പറം ദിവാകരനെ നേരത്തെ കെ സുധാകരൻ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന തർക്കമാണ് കണ്ണൂരിലെ മുതിർന്ന നേതാവ് മമ്പറം ദിവാകരന്‍റെ പുറത്താക്കലിൽ കലാശിച്ചത്. തർക്കം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ ചുറ്റിപ്പറ്റിയാണെങ്കിലും കെ സുധാകരനും മമ്പറം ദിവാകരനും തമ്മിലുള്ള പരസ്പര വൈര്യത്തിന്‍റെ ക്ലൈമാക്സാണ് ഈ പുറത്താക്കൽ. 1992 ൽ എൻ രാമകൃഷ്ണനെ തഴെയിറക്കി ഡിസിസി പിടിക്കാൻ സുധാകരന്‍റെ വലം കൈയായി നിന്നത് ദിവാകരനായിരുന്നു. എന്നാൽ പിന്നീട് ബന്ധം വഷളായി. സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ ദിവാകരന്‍റെ നില പരുങ്ങലിലായി. 

പാർട്ടിക്ക് പുറത്താണെങ്കിലും ആശുപത്രി തെരഞ്ഞെടുപ്പിൽ വിജയിച്ച് കയറാം എന്ന ആത്മവിശ്വാസത്തിലാണ് മമ്പറം. ദിവാകരൻ കഴിഞ്ഞ 25 കൊല്ലമായി ഭരിക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ കടിഞ്ഞാണ്‍ പിടിക്കാൻ കെ സുധാകരൻ നടത്തുന്ന നീക്കം എളുപ്പം വിജയിക്കാനിടയില്ല.
 

click me!