
കോഴിക്കോട്: 'ദ കേരള സ്റ്റോറി' സിനിമ പ്രദര്‍ശിപ്പിക്കാനുളള തീരുമാനം ഉടന്‍ നടപ്പാക്കേണ്ടെന്ന തീരുമാനത്തില്‍ താമരശേരി രൂപത. തെരഞ്ഞെടുപ്പ് കാലത്ത് സിനിമ പ്രദര്‍ശനം നടത്തുന്നത് തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. അതിനിടെ, സഭയുടെ പേരില്‍ വര്‍ഗ്ഗീയ വിഷം വിളന്പാമെന്ന് ആരും കരുതേണ്ടെന്ന മുന്നറിയിപ്പുമായി ദീപിക എഡിറ്റോറിയല്‍ പുറത്തുവന്നു.
ഇടുക്കി രൂപതയക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള സ്റ്റോറി സിനിമ രൂപതയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു താമരശേരിയിലെ കെസിവൈഎം നേതൃത്വം പ്രഖ്യാപിച്ചത്. ഇതേ നിലപാട് പ്രഖ്യാപിച്ച തലശേരി രൂപത അന്നുതന്നെ ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും നിലപാടുമായി മുന്നോട്ട് പോയ താമരശേരി രൂപതയാണ് സിനിമ പ്രദര്‍ശനം ഉടന്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് ഇപ്പോള്‍ എത്തിയത്. പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവാദ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലാണ് ഈ തീരുമാനത്തിലേക്ക് നയിച്ച പ്രധാന കാരണം. അതേസമയം, പ്രണയക്കെണിക്കെതിരായ ബോധവല്‍ക്കരണം തുടരുമെന്ന് രൂപത നേതൃത്വം അറിയിച്ചു.
അതിനിടെ, കോടഞ്ചേരി അടക്കമുള്ള ചില കേന്ദ്രങ്ങളില്‍ കഴിഞ്‍ ദിവസം സിനിമ പ്രദര്‍ശനം നടന്നു. ഇത് സംഘടനയുടെ നേതൃത്വത്തില്‍ അല്ലെന്ന് കെസിവൈഎം അറിയിച്ചു. കേരള സ്റ്റോറി വിവാദത്തിനിടെ എല്ലാ വര്‍ഗ്ഗീതയതയെയും ഒരുപോലെ ചെറുക്കണമെന്ന സന്ദേശവുമായി ദീപിക എഡിറ്റോറിയല്‍ പുറത്ത് വന്നു. പാനപാത്രം ഏതായാലും വിഷം കുടിക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന എഡിറ്റോറിയല്‍ ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു വര്‍ഗ്ഗീയതെയും ന്യൂനപക്ഷ വിരുദ്ധതയെയും അഹിംസ മാര്‍ഗ്ഗങ്ങളിലൂടെ എതിര്‍ത്തിട്ടുളള കത്തോലിക്ക സഭ സ്വന്തം ചെലവില്‍ ഒരു വര്‍ഗ്ഗീയ പ്രസ്ഥാനത്തെയും വളര്‍ത്തിയെടുക്കില്ലെന്നും വ്യക്തമാക്കി. നേരത്തെ സീറോ മലബാര്‍ സഭയും കേരള സ്റ്റോറി സിനിമ പ്രദര്‍ശനം സഭ ഏറ്റെടുക്കില്ലെന്ന നിലപാടുമായി രംഗത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam