
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് ഡിജിപി യതീഷ് ചന്ദ്രക്കെതിരായ പരാതി ഐജി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന്‍ ആന്വേഷിക്കണമെന്ന് ആവശ്യം. നേരത്തെ നല്‍കിയ പരാതി അന്വേഷണത്തിനായി റൂറല്‍ എസ്പിക്ക് കൈമാറിയെന്നായിരുന്നു പൊലീസ് ഹെഡ്ക്വാർട്ടെഴ്സ് പരാതിക്കാരനെ അറിയിച്ചത്. മേലുദ്യോഗസ്ഥനെതിരായ പരാതി കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചാല്‍ നിക്ഷ്പക്ഷത ഉണ്ടാകില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് വീണ്ടും ഡിജിപിക്ക് കത്തയച്ചു. കര്‍ഷക കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറയാണ് പരാതി നല്‍കിയത്.
അതേ സമയം, സമരം വീണ്ടും ശക്തമാക്കാനൊരുങ്ങുകയാണ് സമരസമിതി. ആദ്യഘട്ടമായി സമരവേദി കലക്ടറേറ്റിലേക്ക് മാറ്റും. പരിഹാരം ആയില്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യാനും തീരുമാനം. പൊലീസ് പ്രതി പട്ടിക പുറത്ത് വിടണം എന്ന് ആവശ്യം. അറസ്റ്റ് പേടിച്ച് ഏറെ പേരും ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. പട്ടികയിൽ ഇല്ലാത്തവർക്ക് ഒളിവിൽ നിന്നും മാറാനാണ് പട്ടിക ചോദിക്കുന്നതെന്നും സമര സമിതി.
കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്‍റിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടന്ന പ്ലാന്റ് പൊലീസ് സുരക്ഷയിലാണ് നേരിയ അളവിൽ സംസ്കരണം തുടങ്ങിയത്. അതേ സമയം പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. പ്ലാന്റ് പ്രവർത്തിക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി അനുമതി നൽകിയിരുന്നു. നിരോധനാജ്ഞ നവംബര്‍ 13 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചിരുന്നു. പ്ലാന്റിന്റെ 300 മീറ്റര്‍ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റര്‍ പ്രദേശം, അമ്പായത്തോട് ജങ്ഷന്‍റെ 100 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഈ പ്രദേശങ്ങളില്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ ഒരുമിച്ചു കൂടുന്നതിനും ഏതെങ്കിലും രീതിയുള്ള പ്രതിഷേധമോ പൊതുപരിപാടികളോ പ്രകടനങ്ങളോ നടത്തുന്നതിനും വിലക്കേര്‍പ്പടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam