
കോഴിക്കോട്: തന്റെ അവസ്ഥ നാളെ ഒരു മാതാപിതാക്കൾക്കും ഉണ്ടാകരുതെന്ന് താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ മുഹമ്മദ് ഷഹബാസിന്റെ അച്ഛൻ മുഹമ്മദ് ഇഖ്ബാൽ. നിയമസംവിധാനത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് പറഞ്ഞ ഇഖ്ബാൽ കുറ്റക്കാർക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. കുറ്റാരോപിതരുടെ മാത്രമല്ല, അവരുടെ രക്ഷിതാക്കളുടെ പങ്കും അന്വേഷിക്കണം. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലാണ് ഇഖ്ബാലിന്റെ പ്രതികരണം.
''വളരെ വേദനാജനകമായ ഒരു കാര്യമാണ് എന്റെ കുടുംബത്തിലുണ്ടായിരിക്കുന്നത്. പേരന്റ്സ് കൂടി കൂട്ട് നിന്നിട്ടാണ് ഇത് ചെയ്തത് എന്നറിയുമ്പോൾ ഞങ്ങൾക്ക് താങ്ങാൻ പറ്റുന്നില്ല. വീണ്ടും കേൾക്കുന്നത് അവർ പരീക്ഷയെഴുതാൻ ഈ സ്കൂളിലേക്ക് വീണ്ടും വരുന്നു. അവിടെയുള്ള കുട്ടികളുടെ നിലപാട്, അവർക്ക് പേടിയാണ്. കഴിഞ്ഞ വർഷം ഇതേ സ്കൂളിൽ നടന്ന സംഭവം ചെറിയ രീതിയിലായിരുന്നു. കോമ്പസുകൊണ്ട് ഉപദ്രവിച്ചു, കല്ലെടുത്തടിച്ച് മൂക്കീന്ന് രക്തം വന്നു. അന്നവർ സ്വാധീനം ചെലുത്തി ഒതുക്കി തീർത്തു. കഴിഞ്ഞ വർഷം ഒമ്പതാം ക്ലാസിൽ പഠിച്ച അതേ വിദ്യാർത്ഥികൾ തന്നെയാണ് ഈ വർഷം അതേ കുറ്റകൃത്യം ചെയ്തത്. അന്ന് ചെയ്തവർ ഇന്ന് എന്റെ മകന്റെ കൊലപാതകികളായി മാറി. അന്ന് ഇത് ഏറ്റെടുത്ത്, ഈ വിഷയം അധികാരികളുടെ മുന്നിലെത്തിച്ച് തക്ക ശിക്ഷ കൊടുത്തിട്ടുണ്ടെങ്കിൽ ഈ ഒരു സംഭവം ഉണ്ടാകില്ലായിരുന്നു. നീതിപീഠത്തിലും സർക്കാരിലും ഉറച്ചവിശ്വാസമുണ്ട്. കിട്ടാവുന്ന പരമാവധി ശിക്ഷ കുറ്റക്കാർക്ക് കിട്ടണം. എന്റെ കുടുംബത്തിന് ഇതൊരു തീരാമുറിവാണ്. നഷ്ടപ്പെട്ടത് എന്തായാലും തിരിച്ചുകിട്ടില്ല. അതുകൊണ്ട് ഇനി വരുന്ന തലമുറയിലെ കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്. പലയിടത്ത് നിന്ന് കടം വാങ്ങിയിട്ടാണ് ഞാനവനെ ട്യൂഷന് വിട്ടത്. എന്റെ മകൻ ഒരുതെറ്റും ചെയ്തിട്ടില്ല. കാശോ പണമോ സ്വാധീനമോ ഒന്നും ഞങ്ങൾക്കില്ല. ഒരു പ്രശ്നത്തിലും ഇടപെടരുത്, വീട്ടിലിരുന്ന് പഠിക്കണം എന്നാണ് അവനോട് പറഞ്ഞിട്ടുള്ളത്. കൂലിവേല ചെയ്താണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നത്. എന്റെ ഭാര്യ മാനസികമായി തകർന്ന അവസ്ഥയിലാണ്. നാളെ ഒരു രക്ഷിതാവിനും എന്റെ അവസ്ഥ ഉണ്ടാകരുതെന്നേ എനിക്ക് പറയാനുള്ളൂ.'' മുഹമ്മദ് ഇഖ്ബാൽ ന്യൂസ് അവറിൽ പറഞ്ഞു.