
കോഴിക്കോട്: താമരശ്ശേരിയിൽ മകൻ വെട്ടിക്കൊലപ്പെടുത്തിയ അടിവാരം സ്വദേശി സുബൈദയുടെ മൃതദേഹം സംസ്കരിച്ചു. അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകുന്നേരമാണ് സംസ്കാരം നടന്നത്. പണം നൽകാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്.
കഴിഞ്ഞ രണ്ടു ദിവസം ആഷിഖ് വീട്ടിൽ എത്തിയിരുന്നില്ല. എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു മറുപടി. പിന്നീടുണ്ടായ തർക്കത്തിനൊടുവിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞു. പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തിയത്. ലഹരി ഉപയോഗിച്ച് നേരത്തെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതോടെ അടിവാരത്തെ സ്വന്തം വീട്ടിൽ നിന്നും ഇവർ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. അവിടെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കി. അതോടെ പുതുപ്പാടിയിൽ താമസിക്കുന്ന സഹോദരിക്ക് അടുത്തേക്ക് മാറി. മകനോട് ഒപ്പം താമസിക്കാനുള്ള ആഗ്രഹമാണ് വിനയായതെന്ന് അയൽവാസികൾ പറയുന്നത്.
ആശിഖിനെ താമരശ്ശേരി താലൂക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് ഡിപ്പാർട്മെന്റിലും എത്തിച്ചു വൈദ്യ പരിശോധന നടത്തി. മജിഷ്ടറേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam