'മുങ്ങരുത്, ഇവിടെ തന്നെ കാണണം'; ഗാന്ധി ജയന്തി ദിനത്തിൽ സമരം തുടങ്ങണമെന്ന് തരൂർ, പിന്നാലെ ട്രോളുമായി ഖാർ​ഗെ

Published : Sep 29, 2026, 03:48 PM ISTUpdated : Sep 29, 2026, 05:04 PM IST
Shahsi Tharoor

Synopsis

ഗാന്ധി ജയന്തി ദിനത്തിൽ സമരം തുടങ്ങണമെന്ന ശശി തരൂരിന്റെ നിർദേശത്തിന് പിന്നാലെ അദ്ദേഹത്തെ ട്രോളി മല്ലികാർജുൻ ഖാർഗെ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനും എസ്ഐആർ റദ്ദാക്കാനും കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ചു. തുടർനടപടികൾ ഇന്ത്യ സഖ്യ യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

ദില്ലി: കോൺ​ഗ്രസ് പ്രവർത്തക സമിതിയിൽ എംപി ശശി തരൂരിനെ ട്രോളി അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ. ​എസ്ഐആർ വിഷയത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് തരൂർ പറഞ്ഞതോടെയാണ് ഖാർ​ഗെ തരൂരിനെ ട്രോളിയത്. പ്രതിഷേധം നടത്താം, പക്ഷേ സമര സ്ഥലത്ത് കാണണമെന്നും വിദേശത്തേക്ക് കടന്നേക്കരുതെന്നും ഖർഗെ തരൂരിനോട് പറഞ്ഞു. പ്രതിഷേധം എഴുത്തില്‍ മാത്രം പോരെന്നും സൂചിപ്പിച്ചു. കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തിലും തരൂരടക്കം ഒരു വിഭാഗത്തിനെതിരെ ഖര്‍ഗെ ഒളിയമ്പെയ്തിരുന്നു. ജാതി അധിക്ഷേപത്തില്‍ പാര്‍ട്ടിയില്‍ നിന്ന് മതിയായ പിന്തുണ കിട്ടിയില്ലെന്ന് അന്ന് പരിഭവിച്ച ഖര്‍ഗെ മാധ്യമങ്ങളില്‍ എഴുതുന്നവരും, അല്ലാതെ പ്രത്യക്ഷപ്പെടുന്നവരും സംഭവത്തെ എവിടെയും അപലപിച്ച് കണ്ടില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാൻ മുഖ്യ പ്രതിപക്ഷമായ കോൺ​ഗ്രസ് പാർട്ടിയുടെ തീരുമാനം. കോൺ​ഗ്രസ് പ്രവർത്തക സമിതിയിലാണ് തീരുമാനം. എസ്ഐആറിലൂടെ പുറത്താക്കപ്പെട്ട 13 കോടി പേരെ വോട്ടർപട്ടികയിൽ തിരികെ കൊണ്ടുവരണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജിവെക്കണമെന്നും എസ്ഐെആർ റദ്ദാക്കണമെന്നും കോൺ​ഗ്രസ് പ്രമേയത്തിൽ വ്യക്തമാക്കി. തുടർ പ്രതിഷേധ പ്രഖ്യാപനം നാളത്തെ ഇന്ത്യ സഖ്യ യോഗത്തിന് ശേഷമായിരിക്കും. തുടർനടപടികൾ ഒറ്റക്ക് പ്രഖ്യാപിക്കില്ലെന്നും കോൺ​ഗ്രസ് വ്യക്തമാക്കി. ഇംപീച്ച്മെൻ്റ് നടപടികളിലടക്കം നാളെ ചർച്ചയുണ്ടാകും. അതേസമയം, സഖ്യത്തിലെ മുഖ്യ നേതാവായ അഖിലേഷ് യാദവ് യോ​ഗത്തിൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചു. പ്രായോഗിക ബുദ്ധിമുട്ടുകളാണെന്നും പ്രതിനിധിയയെ അയയ്ക്കാമെന്നും അദ്ദേ​ഹം അറിയിച്ചു.

കെ.സി. വേണു​ഗോപാൽ, മല്ലികാർജുൻ ഖർ​ഗെ എന്നിവരുമായി അഖിലേഷ് ആശയവിനിമയം നടത്തി. തമിഴ്നാട്ടിലെ പ്രധാന കക്ഷിയായ ഡിഎംകെയെ തിരികെ കൊണ്ടുവരുമെന്നും കെ.സി. വേണു​ഗോപാൽ അറിയിച്ചു. ഈ വിഷയം നാളെ ചർച്ച ചെയ്യും. ജനാധിപത്യത്തെ തകർക്കുന്ന കാഴ്ച അവർക്ക് കണ്ടുനിൽക്കാനാവില്ലെന്ന് കെ.സി വ്യക്തമാക്കി. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിൻ്റെ വെളിപ്പെടുത്തലും പ്രവർത്തക സമിതിയിൽ ചർച്ചയായി. രമേശ് ചെന്നിത്തലയാണ് വിഷയം ഉന്നയിച്ചത്. ഗ്യാനേഷ് കുമാർ ബിജെപി ഏജൻ്റ് എന്നതിന് എന്തിന് വേറെ തെളിവെന്ന് ചെന്നിത്തല ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് അസോസിയേഷൻ പുനഃസംഘടനയിൽ സർക്കാരിന് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ, പിന്നിൽ പ്രണയനൈരാശ്യമെന്ന് പൊലീസ്