
തിരുവനന്തപുരം: അടിസ്ഥാനപരമായ പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്നാണ് വിശ്വാസമെന്ന് സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യയാളായ ശ്രീധന്യ. മികച്ച വിജയം കൈവരിച്ച വിവരം അറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധന്യ.
2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന് ആഗ്രഹത്തിലേക്ക് വീണ്ടുമെത്തിച്ചത്.
"
അന്നത്തെ സബ് കളക്ടറായിരുന്ന ശ്രീറാം സാംബശിവ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളാണ് മനസില്‍ ഉണ്ടായിരുന്ന ആ തീ വീണ്ടും ആളിക്കത്തിച്ചത്. ശ്രീധന്യയ്ക്ക് 410-ാം റാങ്കാണ് ലഭിച്ചത്. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ.
മധുരം പങ്കുവച്ചാണ് സുഹൃത്തുക്കൾക്കും അധ്യാപകർക്കും ഒപ്പം ശ്രീധന്യ വിജയം ആഘോഷിച്ചത്. രണ്ട് തവണ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം പോലും കടക്കാതെ പുറത്തായിട്ടും പിൻമാറാതെ പരിശ്രമിച്ചതിനുള്ള ഫലം ലഭിച്ചു. മലയാളമായിരുന്നു ഐച്ഛിക വിഷയം. ദില്ലിയിൽ അവസാന അഭിമുഖ പരീക്ഷ കഴിഞ്ഞപ്പോൾ മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നു അത് തെറ്റിയില്ലെന്നും ശ്രീധന്യ പറയുന്നു.
അച്ഛൻ സുരേഷും അമ്മ കമലയും കൂലിപ്പണിക്കാരാണ്. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് പിജി എടുത്ത ശേഷമാണ് ശ്രീധന്യ സിവിൽ സർവീസ് പരീക്ഷയെന്ന സ്വപ്നത്തിന് പിന്നാലെ ഇറങ്ങിത്തിരിച്ചത്. തിരുവനന്തപുരത്ത് സർക്കാരിന്‍റെയും സ്വകാര്യ മേഖലയിലേയും അക്കാദമികളിൽ പരീക്ഷയ്ക്കായി പരീശീലനം തേടി. ഇതിനിടെ പൊലീസ് കോൺസ്റ്റബിളായി കിട്ടിയ ജോലി വേണ്ടെന്നുവച്ചു. ശ്രീധന്യയുടെ മുത്ത സഹോദരി പാലക്കാട് കോടതിയിൽ ഉദ്യോഗസ്ഥയാണ്. അനുജൻ പോളിടെക്നിക്കിൽ പഠിക്കുന്നു.