ഇന്ന് ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനം, ആഘോഷ പരിപാടികളിൽ ഗവര്‍ണറും മുഖ്യമന്ത്രിയും മുഖ്യാതിഥികളാകും

Published : Sep 07, 2025, 06:11 AM IST
Guru

Synopsis

ഇന്ന് ചിങ്ങമാസത്തിലെ ചതയനാള്‍ ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനം

തിരുവനന്തപുരം: ഇന്ന് ചിങ്ങമാസത്തിലെ ചതയനാള്‍ ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനം. ഗുരുവിന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഭക്തർ ശിവഗിരി മഠത്തിലും ചെമ്പഴന്തി ഗുരുകുലത്തിലും ദർശനം നടത്തും. ശിവഗിരിയില്‍ കേരളാ ഗവര്‍ണറും ചെമ്പഴന്തിയില്‍ മുഖ്യമന്ത്രിയും ആഘോഷ പരിപാടികളിൽ മുഖ്യാതിഥികളാകും. അജ്ഞതയുടെ ഇരുട്ടില്‍ ആണ്ടുകിടന്ന ഒരു ജനതയുടെ മേല്‍ അറിവിന്‍റെ പ്രകാശം പരത്തിയ ശ്രീനാരായണ ഗുരുവിനെ മലയാളക്കര എന്നും ചിന്തകളിലുൾപ്പെടെ നിലനിര്‍ത്താറുണ്ട്. ജാതി മത ചിന്തകള്‍ക്കതീതമായ ഒരു സമൂഹത്തെ സൃഷ്‌ടിക്കുകയെന്നതായിരുന്നു ഗുരുവിന്‍റെ ജീവിതലക്ഷ്യം. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി' തുടങ്ങിയ തത്വങ്ങളിലൂടെ കേരളത്തിലെ പാര്‍ശ്വവത്‌കരിക്കപ്പെട്ട മനുഷ്യരുടെ മനസിലേക്ക് വിശ്വമാനവികത എന്ന വലിയ ആശയത്തിന്‍റെ പുനപ്രതിഷ്‌ഠയാണ് ഗുരു നടത്തിയത്. ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകള്‍ പൊളിച്ച് സ്വതന്ത്രരാകാന്‍ ഉപദേശിച്ച ഗുരു, സംഘടിച്ച് ശക്തരാകാനും ആഹ്വാനം ചെയ്‌തു.

വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന് പറഞ്ഞ ഗുരു കേരളത്തിലുടനീളം വിദ്യാലയങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ മുന്‍കൈയെടുത്തു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് വിദ്യയെന്നാണ് ഗുരു പറഞ്ഞത്. എല്ലാ അനാചാരങ്ങള്‍ക്കും എതിരെ പോരാടാനുളള ഗുരുവിന്‍റെ ആയുധവും വിദ്യ തന്നെയായിരുന്നു. മനുഷ്യന്‍റെ സമഗ്ര വികസനത്തിന് വേണ്ടിയായിരുന്നു ഗുരുവിന്‍റെ പ്രയത്നം. ആധ്യാത്മികവും ഭൗതികവും രണ്ടല്ല എന്നും അവ ഒന്നിന്‍റെ തന്നെ രണ്ട് വശമാണെന്നും ഗുരു പഠിപ്പിച്ചു. 'അവനവനാത്മസുഖത്തിന്നായാചരിപ്പതു അപരനുമാത്മാസുഖത്തിന്നായിവരേണം' എന്നും 'ഒരു പീഡയെറുന്പിനും വരുത്തരുത്' എന്നും ഗുരു പറഞ്ഞത്, മാനവഹൃദയത്തിന്‍റെ പൂര്‍ണത മുന്നില്‍ക്കണ്ടായിരുന്നു. ഗുരുവിന്‍റെ ജന്മദിനമായ ഇന്ന് നാടെങ്ങും ഘോഷയാത്രകളും ആഘോഷവും സമ്മേളനങ്ങളും നടക്കും.

ഗ്രാമങ്ങളും നഗരങ്ങളും പീതസാഗരമാകും. ആഘോഷങ്ങളുടെ ഭാഗമായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വർക്കല ശിവഗിരിയിലും വിവിധ പരിപാടികള്‍ നടക്കും. ശിവഗിരിയില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചെമ്പഴന്തി ഗുരുകുലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥികളാകും. ശിവഗിരിയില്‍ രാവിലെ ഏഴുമണിക്ക് ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പതാക ഉയര്‍ത്തും. 9.30ന് ജയന്തി സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ